കണ്ണൂര്‍: കണ്ണൂര്‍-യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസിലെ (16527/16528) സ്ലീപ്പര്‍ കോച്ചുകള്‍ ഞായറാഴ്ച മുതല്‍ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കന്‍ഡ് എ.സി.കോച്ചും വര്‍ധിക്കും. തേര്‍ഡ് എ.സി. കോച്ച് അഞ്ചായി തുടരും. നാല് ജനറല്‍ കോച്ചുകളുണ്ടാകും. ആകെ 11 സ്ലീപ്പര്‍ കോച്ചുകളുണ്ടായിരുന്ന വണ്ടിയില്‍ റെയില്‍വേ ഇപ്പോഴിത് ഒമ്പതാക്കി കുറച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പര്‍ കോച്ചിനുപകരം രണ്ട് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു. രണ്ട് സ്ലീപ്പര്‍ കോച്ചിലെ 160 ബര്‍ത്ത് ഒഴിവാക്കിയാണ് 200 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ജനറല്‍ കോച്ചുകള്‍ റെയില്‍വേ ഘടിപ്പിച്ചത്. മലബാറിലൂടെ ബാംഗ്ലൂരിലേക്കുള്ള രാത്രിവണ്ടിയിലെ ഈ മാറ്റത്തിനെതിരെ യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. 26 മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചുകൂടി കുറഞ്ഞ് എട്ടാകും. കണ്ണൂര്‍-യശ്വന്ത്പുര്‍ യാത്രയില്‍ സ്ലീപ്പര്‍ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കന്‍ഡ് എ.സി.ക്ക് 1410 രൂപയാണ് നിരക്ക്.