തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്‍റെ ഭാഗമായാണ് ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് സംസ്ഥാന സര്‍ക്കാറായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസില്‍ ശ്രീറാമിനൊപ്പം കാറില്‍ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് അര്‍ദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസില്‍ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ ശ്രീരാമിനെതിരെ പോലീസ് നടപടിയെടുത്തത്.