രൂപയുടെ വില താഴേയ്ക്ക്; സ്വര്‍ണവില കുതിക്കുന്നു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ 83.51 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.455 ആയിരുന്നു ഇതുവരെയുള്ള രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യം. പശ്ചിമേഷ്യന്‍ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ വൈകുമെന്ന സൂചനയുമാണ് രൂപയുടെ മൂല്യത്തില്‍ ചലനമുണ്ടാക്കിയത്.

അതേസമയം സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 54,000വും കടന്ന് പവന്‍റെ വില റെക്കോര്‍ഡ് കുതിപ്പിലാണ്. ഒരു പവന് 720 വര്‍ധിച്ച് 54,360 രൂപ ആയിരിക്കുകയാണ്. ഒരു ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയായി. 15 ദിവസം കൊണ്ട് പവന് 3,680 രൂപയും ഒന്നരമാസത്തിനിടെ 8000 രൂപയുമാണ് വര്‍ധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ മാത്രം പവന് 1160 രൂപയാണ് കൂടിയത്.

വിഷുവിന് നേരിയ കുറവുണ്ടായെങ്കിലും ഇന്നലെയും ഇന്നുമായി സ്വര്‍ണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.