ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു. വെള്ളിയാഴ്ച രാവിലെ 7.15-ന് എറണാകുളത്തുനിന്ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പര്‍ എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസിന്‍റെ ബോഗിയാണ് എന്‍ജിനില്‍നിന്ന് വേര്‍പെട്ടത്. തൃശ്ശൂര്‍ വള്ളത്തോള്‍ നഗറിന് സമീപം രാവിലെ 10 മണിയോടെ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികള്‍ വേര്‍പെട്ടത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്നും പുറത്തിറങ്ങി. മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഉദ്യോഗസ്ഥരെത്തി എന്‍ജിനും ബോഗിയും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധനകള്‍ നടത്തി. റെയില്‍വേ പോലീസ്, ആര്‍.പി.എഫ്, സി.എന്‍.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കല്‍ വിഭാഗം സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് എന്‍ജിനും ബോഗികളും തമ്മില്‍ കൂട്ടി യോജിപ്പിച്ചു. ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.