നടന്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതി

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ ലൈംഗീകാതിക്രമം നടത്തിയെന്ന് പരാതിപ്പെട്ടത്. നേരത്തെ മുകേഷടക്കം 7 പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോന്‍ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അഭിഭാഷകന്‍ ബ്ലാക്മെയില്‍ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 13-ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു. അഡ്വ. സന്ദീപാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നുവെന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്‍റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു. അത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. 47 വര്‍ഷമായി താന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണിതെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു.