കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തിലും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടല്‍. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നല്‍കിയ പാനല്‍ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സെനറ്റിലേറ്റ് പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തു. സെനറ്റിലേക്ക് സിന്‍റിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്തവരില്‍ കഥാകാരന്‍ ടി.പദ്മനാഭന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്.
സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ച പതിനാലില്‍ പന്ത്രണ്ട് പേരുകളും ഗവര്‍ണര്‍ വെട്ടുകയായിരുന്നു. ജന്മഭൂമി ലേഖകന്‍ യു.പി.സന്തോഷ്, സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവരെയും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇ.ആര്‍ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി - കോണ്‍ഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.