കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഒഡിഷ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി.വിനോദിന്‍റെ അമ്മ ലളിത അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വിനോദിന്‍റെ മരണം രോഗിയായ ലളിതയെ ശാരീരികമായും മാനസികമായും ഉലച്ചിരുന്നു. വിനോദ് മരിച്ച് നാല് മാസം പൂര്‍ത്തിയാകുമ്പോഴാണ് അമ്മയും അന്ത്യശ്വാസം വലിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ഒഡിഷ സ്വദേശി രജനീകാന്തയാണ് എറണാകുളം പാട്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ നിന്ന് വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
എസ് 11 കോച്ചിന്‍റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ്, ചവിട്ടേറ്റ് വീണത് എതിര്‍വശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിന്‍ കയറിയാണ് കലാകാരന്‍ കൂടിയായ വിനോദ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അപകടത്തില്‍ വിനോദിന്‍റെ കാലുകളും അറ്റുപോയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങി ഏഴാം നാളാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകിയിരുന്ന വിനോദിന്‍റെ ദുര്യോഗം അമ്മയെ തളര്‍ത്തി. സര്‍വീസിലിരിക്കെ മരിച്ച അച്ചന്‍റെ ജോലിയാണ് വിനോദിനെ തേടിയെത്തിയത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്.