ജസ്ന തിരോധാനം: പിതാവ് ഫയല്‍ചെയ്ത ഹരജിയില്‍ പുനരന്വേഷണം

തിരുവനന്തപുരം: കാഞ്ഞിരപ്പളളി സെന്‍റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി ജസ്ന ജെയിംസിന്‍റെ തിരോധാനത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. തന്‍റെ സ്വകാര്യ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുളള ഡിജിറ്റല്‍ തെളിവുകളും മുദ്രവച്ച കവറില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സിബിഐ അന്വേഷണ പരിധിയില്‍ വരുന്ന കാര്യാണോ എന്നാണ് കോടതി പരിശോധിച്ചത്. നേരത്തെ സിബിഐ സംഘം കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമര്‍പ്പിച്ച രഹസ്യ രേഖകളെ കുറിച്ച് അന്വേഷണം നടത്തിയോ എന്നറിയാന്‍ കേസ് ഡയറി പരിശോധിക്കാനാണ് കോടതി ഇതു ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. കേസ് ഡയറിയുടെ വിശദ പരിശോധനയക്ക് ശേഷമാണ് തുടരന്വേഷണമെന്ന ആവശ്യം കോടതി പരിഗണിച്ചത്. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്.