കാറില്‍ കടത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്ററില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ വിദ്യാനഗര്‍ എസ്ഐ കെ.പി.സഫ്വാനും സംഘവും അറസ്റ്റുചെയ്തു. സന്തോഷ് നഗര്‍, കുഞ്ഞിക്കാനത്തെ, അത്തീഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് (26), ചെങ്കള കരോടി ഹൗസിലെ മുഹമ്മദ് അബൂബക്കര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10.30 മണിയോടെ മുട്ടത്തൊടി സിറ്റിസണ്‍ നഗറില്‍വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഇരുവരും അറസ്റ്റിലായത്. എസ്ഐ.യും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് റോഡില്‍ നിന്ന് മാറി സംശയകരമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. പോലീസ് വാഹനം സ്പീഡ് കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി പോലീസ് സ്ഥലത്തത്തി കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. ഡ്രൈവര്‍ സി. നിധീഷ്, ഹോംഗാര്‍ഡ് ബിജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.