ദിവ്യംപാറയിലെ കുടിവെള്ള ടാങ്ക് പൊളിക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ദിവ്യംപാറയില്‍ മുപ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്ന ആരോപണം ഉയര്‍ത്തിയാണ് നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ടാങ്ക് പൊളിച്ചുമാറ്റാന്‍ ശ്രമം നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ദിവ്യംപാറയില്‍ 15 വര്‍ഷം മുമ്പ്, അന്നത്തെ നഗരസഭ കൗണ്‍സിലറായിരുന്ന എന്‍.വി.അമ്പൂഞ്ഞിയുടെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തോടെയുമാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. അന്ന് പുറമ്പോക്ക് ഭൂമിയിലായിരുന്നു ടാങ്ക് സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് നടന്ന റീസര്‍വേയില്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തന്‍റേതാണെന്ന് ഒരു സ്വകാര്യ വ്യക്തി അവകാശപ്പെട്ടു. ചുറ്റുപാടുള്ള ഭൂ ഉടമകളെയോ നാട്ടുകാരെയോ അറിയിക്കാതെയാണ് റീസര്‍വേ നടത്തിയതെന്നും, പ്രദേശത്ത് വീണ്ടും റീസര്‍വേ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് താലൂക്ക് ഓഫീസില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രദേശത്തെ ഭൂരിഭാഗം വീടുകള്‍ക്കും സ്വന്തമായി കിണറില്ലാത്തതിനാല്‍ ഈ പദ്ധതിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. അതിനാല്‍ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.