നിധീഷിന്‍റെ ആഗ്രഹം സഫലീകരിച്ച് ബാലഗോകുലം പ്രവര്‍ത്തകര്‍

മാവുങ്കാല്‍: ഭിന്നശേഷിക്കാരനായ യുവാവിന്‍റെ കുഞ്ഞു ആഗ്രഹം സഫലമാക്കി ബാലഗോകുലം പ്രവര്‍ത്തകര്‍. നെല്ലിത്തറ പുലയനടുക്കത്തെ സതീശന്‍ -പ്രീത ദമ്പതികളുടെ മൂത്ത മകന്‍ നിധീഷ് (24) തനിക്കും ജന്മാഷ്ടമി ദിനത്തില്‍ ഉണ്ണിക്കണ്ണനായി ശോഭായാത്രയില്‍ പങ്കെടുക്കണമെന്ന് ബാലഗോകുലം പ്രവര്‍ത്തകരെ ആഗ്രഹം അറിയിച്ചു. അനുഭാവിയായ പിതാവ് സതീശനും സഹോദരന്‍ മനീഷും എല്ലാ പരിപാടികളിലും സജീവമാണെങ്കിലും, നിധിഷിനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍ അമ്മ പ്രീതയ്ക്ക് അതെല്ലാം ദൂരക്കാഴ്ച മാത്രമായിരുന്നു. ജന്മാഷ്ടമി ആഘോഷത്തിന് ക്ഷണിക്കാന്‍ സംഘപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ പ്രീത പറഞ്ഞത് 'നിധിഷിനെ തനിച്ചാക്കി വരാന്‍ പറ്റില്ല'. കാര്യം അറിഞ്ഞതോടെ ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് നിധീഷ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ആഗ്രഹം ബാലഗോകുലം പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ഇടയ്ക്ക് നെല്ലിത്തറ ചൈതന്യ ബാലഗോകുലത്തില്‍ പങ്കെടുക്കാറുള്ള നിധീഷിനെ അവര്‍ ഒരു വീല്‍ചെയര്‍ സംഘടിപ്പിച്ചാണ് ഘോഷയാത്രയില്‍ പങ്കെടുപ്പിച്ചത്. നെല്ലിത്തറ മുതല്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രം വരെയും അവിടെ നിന്ന് ശ്രീരാമക്ഷേത്രം വരെയുള്ള ഘോഷയാത്രയില്‍ കൃഷ്ണവേഷമണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ക്ക് ഒപ്പം വീല്‍ചെയറില്‍ ഇരുന്ന് നിധീഷും ഘോഷയാത്രയുടെ ഭാഗമായി. ആനന്ദാശ്രമം റോട്ടറി സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് നിധീഷ്. മകന്‍റെ ആഗ്രഹം നിറവേറ്റുന്നതോടൊപ്പം നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം അമ്മ പ്രീതയും ആദ്യമായി ഒരു സംഘാടനാ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ്.