ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 16 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുര്‍ഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ്കുമാര്‍ 16 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് തളങ്കരയിലെ ടി.എ.അബുവിനെയാണ് കോടതി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവുകൂടി അനുഭവിക്കണം. 2022 ജൂണിലും സെപ്റ്റംബറിലുമായി തന്‍റെ ഓട്ടോറിക്ഷയില്‍ കയറ്റി പലസ്ഥലങ്ങളില്‍ വെച്ച് പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാസര്‍കോട് വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഇന്‍സ്പെക്ടറായിരുന്ന പി. ചന്ദ്രികയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ ഹാജരായി.