തിരഞ്ഞെടുപ്പ് അക്രമം തടയാന്‍ കര്‍ണ്ണാടക, തെലുങ്കാന, നാഗാലാന്‍റ് പോലീസുകള്‍

കാഞ്ഞങ്ങാട്: ജില്ലയില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടാകുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ പോലീസ് കര്‍ശന നടപടികള്‍ ആരംഭിച്ചു.

കേരളാ പോലീസിന് പുറമെ കര്‍ണ്ണാടക, തെലുങ്കാന, നാഗാലാന്‍റ് എന്നിവിടങ്ങളില്‍ നിന്നും ആയിരത്തിലേറെ പോലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ കേന്ദ്രസേനയും രംഗത്തുണ്ട്. ജില്ലാ പോലീസ് മേധാവി പി.ബി.ബിജോയിക്കാണ് ക്രമസമാധാനപാലനത്തിന്‍റെ ചുമതല. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോ ഡിവൈഎസ്പിമാരുടെയും മേല്‍നോട്ടത്തിലായിരിക്കും പോലീസിന്‍റെ ക്രമീകരണങ്ങള്‍. സംഘര്‍ഷബാധിത ബൂത്തുകളില്‍ കേന്ദ്രസേനക്കും സായുധപോലീസിനുമായിരിക്കും ക്രമസമാധാന ചുമതല. ഇവര്‍ക്ക് പുറമെ മഫ്ടിയിലും പോലീസുകാരുണ്ടാകും. അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സായുധപോലീസ് സേന റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. അതാത് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. കലാശകൊട്ടില്‍ സമാധാനം പാലിക്കണമെന്നും അക്രമങ്ങള്‍ ഉണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും യോഗത്തില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.