തൃശൂര്‍: തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.മുരളീധരനെ ഏറ്റവും അലട്ടുന്നത് കാസര്‍കോട്ടെ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രയോഗങ്ങള്‍.
ഉണ്ണിത്താനും കെ.മുരളീധരനും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗന്ദര്യപിണക്കമുണ്ടായി. നാവിന് ഏറെ നീളമുള്ള ഉണ്ണിത്താന്‍ അന്ന് സോഷ്യല്‍ മീഡിയകള്‍ക്ക് പരസ്യമായി നല്‍കിയ ചില പ്രയോഗങ്ങളാണ് കെ.മുരളീധരനെതിരെ തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എതിരാളികള്‍ പ്രയോഗിക്കുന്നത്. കെ.മുരളീധരന്‍ ഒരു സ്ത്രീയായി പിറക്കാതിരുന്നത് കേരളത്തിന്‍റെ ഭാഗ്യം. സ്ത്രീയായാണ് ജനിച്ചിരുന്നതെങ്കില്‍ മുരളീധരന്‍ ഒന്നാംതരം വേശ്യയാകുമായിരുന്നുവെന്നുമാണ് ഉണ്ണിത്താന്‍ തട്ടിവിട്ടത്. ഉണ്ണിത്താന്‍റെ ഈ അഭിമുഖം തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ മിക്ക വോട്ടര്‍മാരുടെയും സ്മാര്‍ട്ട് ഫോണുകളില്‍ മുഴങ്ങുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്ന കെ.കരുണാകരന്‍റെ മകനെകുറിച്ച് നിന്ദ്യവും ഹീനവുമായി സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണിത്താന്‍ നടത്തിയ പ്രയോഗം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടേയും നാവ് അടപ്പിക്കുന്നതായി. കെ.മുരളീധരന് വേണ്ടി തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ഇത് ശ്രദ്ധിച്ചിട്ടുണ്ട്. പലരും വാട്സ് ആപ്പിലെ ഉണ്ണിത്താന്‍റെ പ്രയോഗങ്ങള്‍ കേട്ട് മൂക്കത്ത് വിരല്‍വെച്ചു. കെ.കരുണാകരനെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും സ്നേഹിക്കുന്ന കേരളത്തിലെ ഐ ഗ്രൂപ്പുകാര്‍ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇലക്ഷന് ശേഷം അറിയേണ്ടത്. ഒരു വ്യക്തിയെകുറിച്ച് ഇതില്‍ കൂടുതലൊന്നും മോശമായി സംസാരിക്കാനില്ല എന്നാണ് ഒരു സംസ്ഥാന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.