ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇത്തവണ നില ഏറെ മെച്ചപ്പെടുത്തും

കാസര്‍കോട്: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന എം.എല്‍.അശ്വിനി ഈ തിരഞ്ഞെടുപ്പില്‍ 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില വളരെ മെച്ചപ്പെടുത്തും.

2019 ലെ തിരഞ്ഞെടുപ്പില്‍ 176049 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ നേടിയത്. ഇത്തവണ അത് രണ്ടരലക്ഷമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി, ആര്‍എസ്എസ് സംഘടനകളും പോഷകസംഘടനകളും നടത്തുന്നത്. പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രവീശ തന്തരി കുണ്ടാറിന് ലഭിക്കേണ്ട നിരവധി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി മാറിയിരുന്നു. താന്‍ വിജയിച്ചത് ബിജെപിയുടെ വോട്ടുകൊണ്ടാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വോട്ടെണ്ണലിന് ശേഷം പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഒരു വോട്ടുപോലും പുറത്തുപോകാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് ബിജെപിയും ആര്‍എസ്എസും ബിഎംഎസും മഹിളാമോര്‍ച്ചയും. മഹിളാമോര്‍ച്ച ദേശീയനേതാവാണ് അശ്വിനി എന്നതുകൊണ്ടുതന്നെ പരമാവധി വോട്ടും പോള്‍ചെയ്യിക്കാനുള്ള കരുതലോടുകൂടിയുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകരും കാഴ്ചവെക്കുന്നത്.

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ട് സമാഹരിക്കുന്നത് എം.എല്‍.അശ്വിനിയായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തല്‍.