നീലേശ്വരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളില്‍ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ അപര സ്ഥാനാര്‍ത്ഥി എന്‍. ബാലകൃഷ്ണന്‍. 'ശരീരം സൂക്ഷിക്കണം, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും' നേരിട്ടെത്തി ഭീഷണിപ്പെടുത്തി. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന്‍ എന്നിവരാണ് വധഭീഷണി മുഴക്കിയതെന്നും ബാലകൃഷ്ണന്‍ പറയുന്നു.
1977 മുതല്‍ 2024 വരെ ഞാന്‍ കമ്യൂണിസ്റ്റായിരുന്നു. പാര്‍ട്ടിയെ അമ്മയെ പോലെയായിരുന്നു കരുതിയത്. സിപിഎമ്മിന് ഉളളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിത്വം. നോമിനേഷന്‍ കൊടുത്ത ശേഷം പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് സഖാക്കളില്‍ നിന്നുണ്ടായത്. നീലേശ്വരത്താണ് ഞാന്‍ താമസിക്കുന്നത്. അവിടെ വെച്ചാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടായത്. നോമിനേഷന്‍ പിന്‍വലിക്കാന്‍ സഖാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സിപിഎമ്മിന്റെ മുന്‍ നേതാവായിരുന്ന ബാലകൃഷ്ണന്‍ പ്രതികരിച്ചു.