കാഞ്ഞങ്ങാട്: പാര്‍ലമെന്‍റ് സീറ്റുകളിലേക്കുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്‍.
തിരുവനന്തപുരത്തും തൃശൂരും ബിജെപി മുന്നിലെത്തുമെന്നാണ് എന്‍ഡിഎ മുന്നണിയുടെ വിലയിരുത്തല്‍. മറ്റിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും അവകാശവാദത്തിലാണ്. കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് വോട്ടെടുപ്പിന് ശേഷവും വളരെ പ്രതീക്ഷയിലാണ്. എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷയില്‍മാത്രമല്ല വിജയവും ഉറപ്പിച്ചമട്ടിലാണ്. കാസര്‍കോട്ടും മഞ്ചേശ്വരത്തും യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് എല്‍ഡിഎഫിന്‍റെ വിലയിരുത്തല്‍. അതേസമയം കല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായി. പോളിംങ് ശതമാനം കുറഞ്ഞതില്‍ എല്‍ഡിഎഫിന് തെല്ലും ആശങ്കയില്ല. മിക്കവീടുകളിലേയും ചെറുപ്പക്കാര്‍ ജോലി ആവശ്യാര്‍ത്ഥം വിദേശത്താണ്. അതേസമയം നാട്ടിലുള്ള വോട്ടുകള്‍ മുഴുവന്‍ പോള്‍ചെയ്യിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്‍റെ നേട്ടമാണ്. യുഡിഎഫിന് ഇത്തരം ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫിന് കിട്ടേണ്ട നിരവധിവോട്ടുകള്‍ പോള്‍ചെയ്യാന്‍ ഇനിയും ബാക്കിയുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിന്‍റെ പല മേഖലകളിലും 40 നും 50 നും ഇടയിലാണ് പോളിംങ് ശതമാനം. ഇവിടേയും എല്‍ഡിഎഫിന്‍റെ മുഴുവന്‍ വോട്ടുകളും പോള്‍ചെയ്തു. ബൂത്ത് അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് ലഭിക്കേണ്ട വോട്ടുകളുടെ കണക്കെടുത്ത് മുഴുവന്‍ വോട്ടുകളും പോള്‍ചെയ്യിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നിരവധി നെഗറ്റീവ് വോട്ടുകളും പോള്‍ചെയ്തതും എല്‍ഡിഎഫിന് അനുകൂലഘടകമാവാനാണ് സാധ്യത. കോണ്‍ഗ്രസില്‍ തന്നെ ഒട്ടേറെ ശത്രുക്കളെ ഉണ്ണിത്താന്‍ കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇവരില്‍ പലരും ഉണ്ണിത്താനോടൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും വോട്ട് ഉണ്ണിത്താന് അനുകൂലമാവാനിടയില്ല. ഉണ്ണിത്താന്‍ ജില്ലയിലെത്തിയതുമുതല്‍ കീരിയും പാമ്പും പോലെ കഴിയുന്ന ഹക്കീംകുന്നിലും ഇത്തവണ ഉണ്ണിത്താനോടൊപ്പം സജീവമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങി. ഉണ്ണിത്താന്‍ തോറ്റാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ സീറ്റിന് അവകാശവാദം ഉന്നയിക്കാനിടയുള്ളതുകൊണ്ടാണ് ഹക്കീം ഇത്തവണ സജീവമായതെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഉദുമ സീറ്റിന് ഹക്കീം അടക്കം അരഡസനോളം ആളുകള്‍ നോട്ടമിട്ടിട്ടുണ്ട്. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്നും ഉണ്ണിത്താന്‍ സസ്പെന്‍റ് ചെയ്യിച്ചിരുന്നു. ഇതുകൂടാതെ നൂറിലധികം കോണ്‍ഗ്രസുകാരെ പലഘട്ടങ്ങളിലായി ഉണ്ണിത്താന്‍ സസ്പെന്‍റ് ചെയ്യിപ്പിച്ചു. ഇവര്‍ മുഴുവന്‍ ഉണ്ണിത്താന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് കണക്കുകൂട്ടാന്‍ കഴിയില്ല. കാസര്‍കോട്, മഞ്ചേശ്വരം ഭാഗത്ത് ഒരുവിഭാഗം ആളുകള്‍ ഉണ്ണിച്ച എന്ന് വിളിക്കുന്നത് ഉണ്ണിത്താനില്‍ ആത്മവിശ്വാസം വളര്‍ത്തിയിരുന്നു. അത് വോട്ടായി മാറിയോയെന്നാണ് അറിയേണ്ടത്. പക്ഷേ, കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിംങ് ശതമാനം കുറഞ്ഞത് യുഡിഎഫില്‍ തന്നെ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. തീരപ്രദേശത്തും പോളിംങ് ശതമാനം കുറവാണ്. ഇത് യുഡിഎഫിന് പ്രതികൂലമാവാനിടയുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ പോളിംങ് ശതമാനം തൊണ്ണൂറില്‍വരെയെത്തി. ഇതാണ് എല്‍ഡിഎഫിന് വിജയപ്രതീക്ഷ ഉണ്ടാവാന്‍ കാരണം.