കാസര്‍കോട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വിമതന്‍മാര്‍ വോട്ട് ബഹിഷ്‌കരണവുമായി രംഗത്തുവന്നത് ബിജെപി നേതൃത്വത്തിന് തലവേദനയാവുന്നു. ഇക്കുറി മണ്ഡലത്തില്‍ നല്ല മുന്നേറ്റം നടത്താമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ബിജെപി ശക്തികേന്ദ്രമായ ജെപി നഗര്‍, നേതാജി നഗര്‍, കന്നട ഗ്രാമം, എംജി കോളനി എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. 2020 ല്‍ കുമ്പള ഗ്രാമപഞ്ചായത്തില്‍ നടന്ന സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് ഇപ്പോള്‍ വോട്ട് ബഹിഷ്‌ക്കരണത്തില്‍ എത്തിനില്‍ക്കുന്നത്. വോട്ട് ചെയ്ത ബിജെപി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രവര്‍ത്തകര്‍ അന്നുമുതല്‍ക്കേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നേതൃത്വം മുഖവിലക്കെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇവര്‍ വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയത്. കാസര്‍കോട്ട് മാത്രമല്ല കുമ്പളയിലും മഞ്ചേശ്വരത്തും ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ ബലിദാനികളെ അപമാനിച്ച നെറികെട്ട നേതാക്കളെ നിങ്ങള്‍ക്ക് മാപ്പില്ല എന്ന തലക്കെട്ടില്‍ ഞങ്ങളുടെ നെക്സ്റ്റ് വോട്ട് നോട്ടക്ക്. ഫൈറ്റ് 4 ജസ്റ്റിസ് എന്ന പേരില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണവും ബിജെപി അനുകൂലികള്‍ നടത്തുന്നുണ്ട്. 'പറ്റിയത് തെറ്റുതന്നെ, അത് തിരുത്താനാണ് ഞങ്ങള്‍ പാവം അണികള്‍ ആവശ്യപ്പെട്ടത്, അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളില്‍ നിന്ന് അകലം പാലിക്കും. ഇത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നോര്‍ക്കണം. നേതാക്കള്‍ക്ക് ഒരു വോട്ട് മാത്രമേ ഉള്ളൂ, എന്നാല്‍ ഞങ്ങള്‍ക്ക് ആയിരക്കണക്കിന് വോട്ടുണ്ട്. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ നിറയുന്നത്. പോസ്റ്ററില്‍ ബലിദാനികളായ വി.ടി.വിജയന്‍, കോയിപ്പാടി വിനു, ദയാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ഈയ്യിടെ കുമ്പളയില്‍ സംഘടിപ്പിച്ച ബിജെപി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിമതവിഭാഗം അതിക്രമിച്ചുകയറി യോഗം അലങ്കോലപ്പെടുത്തിയിരുന്നു. വിമതന്‍മാരുടെ പ്രതിഷേധം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇത് പരിഹരിക്കാന്‍ നേതൃത്വം തയ്യാറാവാത്തതില്‍ അണികള്‍ കടുത്ത പ്രതിഷേധത്തിലാണ്