കാസര്‍കോട്ട് പോരാട്ടം ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും പ്രതീക്ഷയില്‍

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം ആകുന്നതോടെ കാസര്‍കോട് മണ്ഡലത്തില്‍ പോരാട്ടം ഇഞ്ചോടിഞ്ച്.

മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന ഇവിടെ പ്രവചനവും അസാധ്യം. കാസര്‍കോടും മഞ്ചേശ്വരവും നല്‍കുന്ന വോട്ടിന്‍റെ ലീഡും കല്ല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയമസഭാ മണ്ഡലങ്ങളില്‍ ഉണ്ടാകുന്ന അടിയൊഴുക്കുകളുമാണ് യുഡിഎഫിന്‍റെ വിജയപ്രതീക്ഷ. 2019 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് ലഭിച്ച 35421 കാസര്‍കോട്ടെ 41223 വോട്ടുകളുടെ മേല്‍കൈയ്യാണ് ഉണ്ണിത്താന്‍റെ വിജയത്തിന്‍റെ ആധാരം. ഉദുമയില്‍ 8937 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ണിത്താന് ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ അതുണ്ടാകുമെന്ന പ്രതീക്ഷ യുഡിഎഫിനില്ല. കഴിഞ്ഞതവണ പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച അപ്രതീക്ഷിത വോട്ടുകളും ഉണ്ണിത്താന് തുണയായിരുന്നു. ആ വോട്ടുകള്‍ ഇക്കുറിയും തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിന്നും പരമാവധി വോട്ടുകള്‍ സ്വരൂപിക്കുകയും ഇടതുപക്ഷത്തിന്‍റെ കയ്യിലുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ മുന്നേറ്റത്തിന് തടയിടുകയും ചെയ്താല്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നുതന്നെയാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ കഴിഞ്ഞ തവണ പറ്റിയ അബദ്ധം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് കച്ചകെട്ടിയാണ് ഇടതുമുന്നണി തുടക്കംമുതലേ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും തങ്ങളുടെ മേല്‍കൈ വര്‍ദ്ധിപ്പിക്കാമെന്ന് ഇടതുപക്ഷം കരുതുന്നു. സിപിഎമ്മിന്‍റെ ഉരുക്കുകോട്ടകളെന്ന് വിശേഷിപ്പിക്കുന്ന കല്യാശേരിയിലും പയ്യന്നൂരിലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള വോട്ടിടിവാണുണ്ടായത്. ഇത് സിപിഎം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രം 94173 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ട്. ഇത്തവണ അത് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇടതുമുന്നണിയുടെ പ്രത്യാശ. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ആര്‍എസ്എസ് വോട്ടുകളും ഇടതുപക്ഷത്തിന്‍റെ വിജയത്തിനുള്ള മറ്റൊരുഘടകമാണ്. 40438 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ രാജ്മോഹന്‍ ഉണ്ണിത്താന് ഉണ്ടായിരുന്നത്. മണ്ഡലത്തില്‍ ആര്‍എസ്എസിന് 40000ത്തിലേറെ വോട്ടുകളുണ്ട്. കഴിഞ്ഞതവണ ഇതില്‍ നല്ലൊരുശതമാനം വോട്ടുകളും യുഡിഎഫിന് ലഭിച്ചുവെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ ആര്‍എസ്എസ് ദേശീയ നേതൃത്വം മുഴുവന്‍ വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ വോട്ടുകളെല്ലാം എന്‍ഡിഎ പാളയത്തിലേക്കെത്തിയാല്‍ കഴിഞ്ഞതവണ ലഭിച്ച വോട്ടുകളില്‍ ഉണ്ണിത്താന് ഇടിവ് വരികയും തത്വത്തിലത് ഇടതുമുന്നണിക്കത് ഗുണകരമാവുകയും ചെയ്യും.

കഴിഞ്ഞകാലങ്ങളിലത്രയും കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ഇത്തവണ അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ ശുഭപ്രതീക്ഷ. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകളില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് ബിജെപി കരുതുന്നു. സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇടത് ശക്തികേന്ദ്രങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. ഇത് വോട്ടെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിശ്വാസം.