രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഭൂരിപക്ഷം 80,000 കടക്കുമെന്ന്

കാഞ്ഞങ്ങാട്: ഏപ്രില്‍ 26 ന് നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഭൂരിപക്ഷം 80,000 കടക്കുമെന്ന് കോണ്‍ഗ്രസുകാരുടെ ഇടയില്‍ കണക്ക് പ്രചരിച്ചുതുടങ്ങി.

ബൂത്ത് അടിസ്ഥാനത്തില്‍ എടുത്ത കണക്കാണെന്ന് പറഞ്ഞാണ് 80,000 ത്തിന്‍റെ ഭൂരിപക്ഷം പ്രചരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40438 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന്‍ വിജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇരട്ടിയിലേക്ക് ഉയരുമെന്ന് പ്രചരിക്കുന്നത്. അതുകൊണ്ടും കോണ്‍ഗ്രസ് അണികള്‍ തൃപ്തരല്ല. ഭൂരിപക്ഷം ഒരുലക്ഷത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിന് തലേന്ന് സദ്യ നടത്തി ഇലയെണ്ണി ഭൂരിപക്ഷം കണക്കാക്കിയ ഒരു കഥ ജനങ്ങളുടെ മുമ്പിലുണ്ട്. ഇലയെണ്ണിയപ്പോള്‍ വന്‍ഭൂരിപക്ഷം. പക്ഷേ പിറ്റേന്ന് വോട്ടെണ്ണിയപ്പോള്‍ സ്ഥാനാര്‍ത്ഥി തോറ്റു എന്നതാണ് കഥയുടെ സാരം. കേരളത്തിലെ മുഴുവന്‍ മലയാളം ടെലിവിഷന്‍ ചാനലുകളും സര്‍വ്വേ നടത്തി കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉണ്ണിത്താന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൂടുതലായതിനാല്‍ ഇനി കാര്യമായ ഇലക്ഷന്‍ പ്രചരണം ആവശ്യമില്ല എന്ന നിലപാടിലാണ് ചില കോണ്‍ഗ്രസുകാര്‍. ചൂടുകാലമായതിനാല്‍ വീട്ടിലിരുന്ന് കൂട്ടിയും കുറച്ചും ഭൂരിപക്ഷം കണക്കാക്കുന്നതിലാണ് പലര്‍ക്കും താല്‍പ്പര്യം. ചാനലുകള്‍ ഉണ്ണിത്താന്‍റെ വിജയം ഉറപ്പിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് ഒച്ചപ്പാടും ബഹളവുമില്ലാതെ വോട്ടര്‍മാരെ സമീപിച്ച് വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ്. ശബരിമല വിഷയവും കല്യോട്ട് ഇരട്ടക്കൊലയും ഇത്തവണ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കാനിടയില്ല.

2014 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കരുണാകരന് വോട്ട് കുറഞ്ഞതും 2019 ലെ തിരഞ്ഞെടുപ്പില്‍ കെ.പി.സതീഷ്ചന്ദ്രന്‍ പരാജയപ്പെട്ടതും എല്‍ഡിഎഫില്‍ തീവ്രമായ ജാഗ്രതക്ക് കാരണമായിട്ടുണ്ട്. ബൂത്ത്തലം മുതല്‍ പാര്‍ലമെന്‍റ് മണ്ഡലം ഘടകം വരെ സൂക്ഷ്മമായി പഠിച്ച് പഴുതില്ലാതെ മുഴുവന്‍ വോട്ടുകളും പോള്‍ചെയ്യിക്കാന്‍ എല്‍ഡിഎഫുകാര്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. അതേസമയം കൊടികെട്ടിയ വാഹനത്തില്‍ തെക്ക് വടക്ക് സഞ്ചരിച്ച് ഇലക്ഷന്‍ പ്രചരണം നടത്തുന്നതിലാണ് യുഡിഎഫില്‍ പ്രാധാന്യം. രാജ്മോഹന്‍ ഉണ്ണിത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവരം ഇനിയും അറിയാത്ത പ്രദേശങ്ങളും ജനങ്ങളും കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ പലഭാഗങ്ങളിലുമുണ്ട്. ഏഴ് നിയോജക മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം. ഇതില്‍ മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരം മണ്ഡലങ്ങളിലാകട്ടെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 745 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.കെ.അഷ്റഫിന് ലഭിച്ചത്. പയ്യന്നൂര്‍ കല്യാശ്ശേരി മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കന്നി അങ്കം നടത്തിയ ഉണ്ണിത്താന് നെഗറ്റീവ് വോട്ടുകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കാല്‍ലക്ഷത്തോളം വോട്ടുകള്‍ ഉണ്ണിത്താന് കിട്ടാനിടയില്ല. കോണ്‍ഗ്രസില്‍ തന്നെ അത്രമാത്രം ശത്രുക്കളെ ഉണ്ണിത്താന്‍ സൃഷ്ടിച്ചിട്ടുണ്ട്. ചീത്തവിളിച്ചത് ഉണ്ണിത്താന്‍ മറന്നുവെങ്കിലും ചീത്തകേട്ട് മുറിവേറ്റ മനസ്സുകളില്‍ കോണ്‍ഗ്രസുകാര്‍ അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ചീത്തക്ക് പ്രതികാരം തീര്‍ക്കാനുള്ള ദിവസമാണ് ഏപ്രില്‍ 26 എന്നാണ് ഒരു കോണ്‍ഗ്രസുകാരന്‍ പറഞ്ഞത്. ഇടതുമുന്നണി സര്‍ക്കാരിനോടുള്ള വിദ്വേഷവും മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധവുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരാവുന്ന പ്രധാനഘടകങ്ങള്‍.

എഐസിസിയുടെ അക്കൗണ്ട് ഇഡി മരവിപ്പിച്ചതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ പ്രചരണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കില്ല എന്നായിരുന്നു കോണ്‍ഗ്രസുകാര്‍ കരുതിയിരുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കണമെന്ന് എഐസിസി കര്‍ണ്ണാടക പിസിസിക്ക് നിര്‍ദ്ദേശം നല്‍കിയതോടെ സാമ്പത്തിക ദാരിദ്ര്യം സ്ഥാനാര്‍ത്ഥികള്‍ അറിഞ്ഞതേയില്ല. ആവശ്യത്തിലധം പണം കര്‍ണ്ണാടകയില്‍ നിന്നും ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും എത്തുന്നുണ്ടെന്നാണ് വിവരം. പക്ഷേ കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ ലുബ്ധിച്ചാണ് പണം ചിലവാക്കുന്നത്. ഇലക്ഷന്‍ കഴിഞ്ഞ് എത്രബാക്കിവന്നാലും അത് സ്ഥാനാര്‍ത്ഥിക്കുള്ളതാണ്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും തികയുന്നില്ലെന്നും ഭാര്യയുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളെടുത്താണ് ഓരോ മാസവും ചിലവ് കഴിയുന്നതെന്നും ഉണ്ണിത്താന്‍ ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭാര്യക്ക് ഇനി റിട്ടയര്‍മെന്‍റില്ല. അപ്പോള്‍ ഇനി മുമ്പോട്ട് കഴിയണമെങ്കില്‍ ഇലക്ഷന്‍ ഫണ്ട് മാറ്റിവെക്കേണ്ടിവരും.

ബി.ജെ.പി ഇത്തവണ നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനി രാഷ്ട്രീയ എതിരാളികളുടെ തട്ടകങ്ങളില്‍ പോലും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തുകയാണ്. സിപിഎം ഉരുക്കുകോട്ടകളായ മടിക്കൈ, കയ്യൂര്‍-ചീമേനി, കോടോം-ബേളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുതലങ്ങളില്‍ പോലും അശ്വിനി വോട്ടഭ്യര്‍ത്ഥിച്ച് എത്തുന്നുണ്ട്. ഇതുവരെ എന്‍ഡിഎയുടെ ഒരുസ്ഥാനാര്‍ത്ഥിപോലും ഇത്തരത്തില്‍ പര്യടനം നടത്തിയിട്ടില്ല. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനാല്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളേക്കാളും പ്രചരണരംഗത്ത് ബഹുദൂരം മുന്നിലാണ് അശ്വിനി. ബഹുഭൂരിപക്ഷം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞതിന്‍റെ നേട്ടം തിരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നുതന്നെയാണ് ബിജെപിയുടെ വിശ്വാസം.