വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് എല്‍ഡിഎഫില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൂത്ത് അടിസ്ഥാനത്തിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും പാര്‍ലമെന്‍റ് മണ്ഡലം അടിസ്ഥാനത്തിലും എല്‍ഡിഎഫ് സമാഹരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 10 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് കിട്ടിയേക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം ഒന്നോ രണ്ടോ സീറ്റ് നഷ്ടപ്പെട്ടാലും 18 സീറ്റ് വരെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എല്‍ഡിഎഫ് ഓരോ ബൂത്തിലും പോള്‍ചെയ്ത വോട്ടുകളില്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ കണക്ക് മേല്‍കമ്മറ്റികളിലേക്ക് അയച്ചു. മേല്‍കമ്മറ്റികള്‍ പാര്‍ലമെന്‍റ് മണ്ഡല അടിസ്ഥാനത്തില്‍ ഓരോ ബൂത്തില്‍ നിന്നും വന്ന കണക്കുകള്‍ തിട്ടപ്പെടുത്തി സംസ്ഥാന കമ്മറ്റിക്ക് സമര്‍പ്പിച്ചു. ബൂത്ത് അടിസ്ഥാനത്തില്‍ കണക്ക് തയ്യാറാക്കുന്നതിന് സിപിഎമ്മിന് അച്ചടിച്ച പ്രത്യേക ഫോറങ്ങളുണ്ട്. ഉറച്ചവോട്ടുകള്‍ എത്ര, അനുഭാവവോട്ടുകള്‍, സാധ്യതാവോട്ടുകള്‍, ഉറപ്പില്ലാത്ത വോട്ടുകള്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം കോളങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഈ കോളങ്ങള്‍ കൃത്യമായി പൂരിപ്പിച്ച് മേല്‍കമ്മറ്റിക്ക് അയക്കുകയാണ് പതിവ്. ഇങ്ങനെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 10 പാര്‍ലമെന്‍റ് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് കഴിഞ്ഞദിവസത്തെ സിപിഎം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മോദി, പിണറായി ഭരണവിരുദ്ധ വികാരവോട്ടുകള്‍ എത്രമാത്രം ഉണ്ടാകുമെന്ന് ഒരു കമ്മറ്റിക്കും വിലയിരുത്താന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് രാഷ്ട്രീയ തീവ്രതയില്ലാത്ത നിഷ്പക്ഷമതികളാണ്. അവര്‍ എങ്ങോട്ട് തിരിയുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ വിജയവും പരാജയവും. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച കെ.പി.സതീഷ്ചന്ദ്രന് 20,000ത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം തയ്യാറാക്കിയ കണക്ക്. പക്ഷേ വോട്ടെണ്ണിയപ്പോള്‍ 40,000ത്തില്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് വിജയിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞതവണ പത്തിലധികം സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ കണക്ക്. വോട്ടെണ്ണിയപ്പോഴാകട്ടെ മരുന്നിന് മാത്രം ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞതവണ 40,000ത്തില്‍പ്പരം വോട്ടുകള്‍ നേടി വിജയിച്ച ഉണ്ണിത്താന്‍റെ അനുയായികള്‍ ഇത്തവണ 80,000 മുതല്‍ 1 ലക്ഷത്തിലേക്ക് വരെ ഭൂരിപക്ഷം ഉയരുമെന്ന ആത്മവിശ്വാസത്തിലാണ്. ഇത് എല്‍ഡിഎഫിന്‍റെ സംവിധാനം പോലെ ഫോറങ്ങളില്‍ രേഖപ്പെടുത്തി തയ്യാറാക്കിയ കണക്കുകളല്ലെന്ന് മാത്രം. 'ഉണ്ണിച്ച' എന്ന് വിളിക്കുന്നവരുടെ എണ്ണവും ഉറച്ച യുഡിഎഫ് വോട്ടുകളുടെ എണ്ണവും കണക്കാക്കി തയ്യാറാക്കിയ ഭൂരിപക്ഷമാണ്.