കാസര്‍കോട്: ഏഴ് കിലോ വ്യാജ സ്വര്‍ണവും സ്വര്‍ണ കണ്ണികളുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് 6.941 കിലോഗ്രാം ആഭരണങ്ങള്‍ കണ്ടെത്തിയത്. 7.58 ഗ്രാം സ്വര്‍ണകണ്ണികളും സ്വര്‍ണനൂലും കാല്‍ ലക്ഷത്തോളം രൂപയും പിടികൂടി. പ്രതികള്‍ കാസര്‍കോട്ട് തട്ടിപ്പിനെത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണാടക മാണ്ഡ്യ രംഗപട്ടണ സ്വദേശികളായ ജീവന്‍ ലാല്‍ (59), ഗണേഷ് സോളാങ്കി (53), ഹരിലാല്‍ (37), അര്‍ജുന്‍ കിസാന്‍ സോളാങ്കി (30) എന്നിവരാണ് പിടിയിലായത്. സ്വര്‍ണാഭരണമെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കോപ്പറും കാഡ്മിയയും കലര്‍ത്തിയ ആഭരണങ്ങളാണ് കണ്ടെത്തിയത്. ക്യാരറ്റ് കുറഞ്ഞ സ്വര്‍ണകണ്ണിയും നൂലും കാണിച്ച് വ്യാജ സ്വര്‍ണം വില്‍ക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് സംശയിക്കുന്നു. ഒരാഴ്ചയായി തട്ടിപ്പ് സംഘം ജില്ലയിലുണ്ട്. പള്ളിക്കരയിലെ ഒരു ക്വാര്‍ട്ടേഴ്സിലാണ് താമസം. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്തിയ ശേഷമാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്തശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമാകുകയുള്ളൂ.
ഏഴ് കിലോ വ്യാജ സ്വര്‍ണ്ണവുമായി നാലുപേര്‍ അറസ്ററില്‍