രാജാറോഡ് വികസനത്തില്‍ ഡിവൈഡര്‍ ഒഴിവാക്കണം

നീലേശ്വരം: 12 മീറ്റര്‍ വീതിയില്‍ രാജാറോഡ് വികസിപ്പിക്കുമ്പോള്‍ ഡിവൈഡര്‍ ഒഴിവാക്കണമെന്നും ഇടത്തോട് റോഡില്‍ അവസാന റീച്ചായ ഗവണ്‍മെന്‍റ് ആശുപത്രി മുതല്‍ മേല്‍പ്പാലം വരെയുള്ള റോഡ് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ജനറല്‍ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

14 മീറ്റര്‍ വീതിയിലാണ് രാജാറോഡ് വികസിപ്പിക്കുന്നത്. ഇതില്‍ ഇരുവശത്തും ഒരുമീറ്റര്‍ വീതം നടപ്പാതയാണ്. അവശേഷിക്കുന്ന 12 മീറ്റര്‍ റോഡില്‍ ഡിവൈഡര്‍ കൂടി സ്ഥാപിച്ചാല്‍ റോഡിന് വീതി കുറയും. റോഡ് സൈഡില്‍ ചെറിയകാറുകളോ ഓട്ടോറിക്ഷകളോ പോലും പാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് യോ ഗം ചൂണ്ടിക്കാട്ടി. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.വിനോദ്കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എം.മുഹമ്മദ് അഷ്റഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ.ജെ.സജി, ബാലകൃഷ്ണന്‍.കെ, ആകാശ് കുഞ്ഞിരാമന്‍, എച്ച്.ഷംസുദ്ദീന്‍, സി.പി.ശ്രീധരന്‍, വി.രാജന്‍, ഷീനജ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ഡാനിയല്‍ സുകുമാര്‍ ജേക്കബ്ബ് സ്വാഗതവും എം.ജയറാം നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വി.സുരേഷ്കുമാര്‍ (പ്രസിഡണ്ട്), കെ.ചന്ദ്രശേഖരന്‍, എം.ജയറാം, ഡാനിയല്‍ സുകുമാര്‍ ജേക്കബ്ബ്, സി.വി.പ്രകാശന്‍(വൈസ് പ്രസിഡണ്ടുമാര്‍), എ.വിനോദ്കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ.എം.ബാബുരാജ്, സി.എച്ച്.അബ്ദുള്‍റഷീദ്, ശശിധരന്‍ പാണ്ടിക്കോട്, പവിത്രന്‍ നീലകണ്ഠേശ്വര, കെ.എം.തുളസീദാസ് (സെക്രട്ടറിമാര്‍), എം.മുഹമ്മദ് അഷ്റഫ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഏതാനും വര്‍ഷം മുമ്പ് യൂണിറ്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്നിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അപസ്വരങ്ങളുമില്ലാതെ ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞകാലങ്ങളില്‍ കെ.വി.സുരേഷ്കുമാറിനെതിരെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച ബാബു, ധനേഷ് തുടങ്ങിയവരെ ഇത്തവണ കമ്മറ്റിയിലെടുത്തു. അതേസ്ഥാനത്ത് ജോയിന്‍റ് സെക്രട്ടറിയായിരുന്ന എ.രാജീവനെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇത്തവണ ഒരുമാറ്റം വേണമെന്ന് രാജീവന്‍ പലരോടും അഭിപ്രായപ്പെട്ടതുകൊണ്ടാണ് ഒരുമാറ്റം എന്ന നിലയില്‍ രാജീവനെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.