ദേശീയപാത നിര്‍മ്മാണം: ബിസിനസ് പൊളിഞ്ഞു, കടംകയറി വീട്ടമ്മ

നീലേശ്വരം: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ദുരിതം പേറി നരകയാതനയില്‍ കഴിയുകയാണ് ഒരു വീട്ടമ്മ.

സ്വയം തൊഴില്‍ സംരംഭമായി നീലേശ്വരം പോലീസ് സ്റ്റേഷന് മുന്‍വശം ഗാര്‍ഡന്‍ നടത്തുന്ന തൈക്കടപ്പുറം സ്വദേശിയും ഇപ്പോള്‍ വള്ളികുന്നില്‍ താമസക്കാരിയുമായ കെ.വി.പുഷ്പയാണ് ലോണ്‍ പോലും തിരിച്ചടക്കാന്‍ കഴിയാതെ ദുരിതം പേറി ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നാല് വര്‍ഷം മുമ്പ് സ്വയംതൊഴില്‍ എന്ന രീതിയില്‍ മുദ്ര ലോണ്‍ എടുത്താണ് ഗാര്‍ഡന്‍ തുടങ്ങിയത്. ഹൈവേയുടെ നിര്‍മ്മാണം തുടങ്ങുന്നത് വരെ നല്ല രീതിയില്‍ മുന്നോട്ട് പോയതായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഗാര്‍ഡന് മുന്നില്‍ തന്നെ വലിയ കുഴി ഉണ്ടാക്കി. അതില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. അകത്തേക്ക് വാഹനത്തിന് കടക്കുവാന്‍ സാധിക്കില്ല. കഷ്ടിച്ച് നടന്ന് പോകുവാന്‍ മാത്രമേ കഴിയുകയുള്ളു. വാഹനം അകത്തേക്ക് വരാത്തതിനാല്‍ കച്ചവടം പൂര്‍ണ്ണമായും നിലച്ചു. പുതിയതായി സാധനങ്ങള്‍ ഇറക്കുവാനും പറ്റാത്ത സ്ഥിതിയാണ്. ഇത് മൂലം ലോണ്‍ തിരിച്ചടക്കാനോ സ്ഥലത്തിന്‍റെ മാസവാടക പോലും കൊടുക്കുവാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണെന്ന് പുഷ്പ പറയുന്നു. മകളുടെ ഉള്‍പ്പെടെ ഉണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിറ്റാണ് ഇതുവരെ കാര്യങ്ങള്‍ തള്ളിനിക്കിയത്. ഇപ്പോള്‍ അഞ്ച് മാസമായി നിത്യ ചിലവിന് പോലും വഴിയില്ലാതെ എല്ലാം മുടങ്ങിയിരിക്കുന്നു. ഹൈവേ പണി ആരംഭിക്കുന്ന സമയത്ത് റോഡരികില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഒന്നരലക്ഷം ലോണ്‍ഗ്രാസ് (ചെടി പുല്ല്) നശിപ്പിച്ചു. സമീപത്തെ മിക്ക കടകളും പൂട്ടി. ബാക്കിയുള്ളവരുടെ സ്ഥിതിയും സമാനമാണ്. കുഴി ഉണ്ടാക്കിയതിനാല്‍ വെള്ളം ഒഴുകി പോകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. പണക്കാരുടെ കടയുടെ മുമ്പില്‍ ഇത്തരം കുഴികളെടുത്താല്‍ നിമിഷനേരം കൊണ്ട് സ്ലാബിട്ട് മൂടാറുണ്ടെന്നും പാവങ്ങളായത് കൊണ്ട് മാത്രമാണ് തനിക്ക് ഈ ദുര്‍ഗ്ഗതി വന്നതെന്നും പുഷ്പ പറയുന്നു .ഇതിന് ശ്വാശ്വത പരിഹാരം കണ്ട് ഈ ദുരിതത്തില്‍ നിന്ന് കരകയറ്റണമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്.