തിരഞ്ഞെടുപ്പ് ഫ്‌ളൈയിംങ് സ്‌ക്വാഡ്; ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നു

കാഞ്ഞങ്ങാട്: പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഫ്‌ളൈയിംങ് സ്‌ക്വാഡ് പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നു. പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍, കൊടിമരങ്ങള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് പരിശോധിക്കുന്നതിനും തിരഞ്ഞെടുപ്പിനായുളള അനധികൃത പണമിടപാടുകള്‍, മദ്യം മയക്കുമരുന്ന് കടത്ത് തുടങ്ങിയവ കണ്ടെത്താനും രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. പ്രധാനമായും വാഹന പരിശോധനയും മുകളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് ഫ്‌ളൈയിംങ് സ്‌ക്വാഡിന്റെ ജോലി. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്ന് സ്‌ക്വാഡുകളാണ് ഇങ്ങനെയുള്ളത്. ഒരു ഗസ്റ്റഡ് ഉദ്യോഗസ്ഥന്‍ സെക്ടറര്‍ മജിസ്‌ട്രേറ്റും ഒരു എസ്‌ഐ, ഒരു പോലീസുകാരന്‍, ഒരു വീഡിയോ ഗ്രാഫര്‍, ഡ്രൈവര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഫ്‌ളൈയിംങ് സ്‌ക്വാഡ്. തുടര്‍ച്ചയായി 12 മണിക്കൂര്‍ നേരം ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ വിശ്രമിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് ഫ്‌ളൈയിംങ് സ്‌ക്വാഡ് അംഗങ്ങളുടെ പരാതി. രാവിലെയും രാത്രിയും 8 മണിമുതല്‍ 8 മണിവരെയും 11 മണിമുതല്‍ 11 മണിവരെയുമാണ് ഡ്യൂട്ടി സമയം.

തിരഞ്ഞെടുപ്പോടനുബന്ധിച്ച് ഇത് ആദ്യമായാണ് ഇത്തരമൊരു ഏര്‍പ്പാടെന്ന് പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നു. സാധാരണ പോലീസുകാര്‍ക്ക് 24 മണിക്കൂര്‍ ഡ്യൂട്ടിയും 24 മണിക്കൂര്‍ വിശ്രമവുമാണ് ലഭിക്കുന്നത്. സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ പോലും നേരം കിട്ടാത്തതരത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചത് കലക്‌ട്രേറ്റിലെ ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നടപടിമൂലമാണെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ ഫ്‌ളൈയിംങ് സ്‌ക്വാഡിലെ ഡ്യൂട്ടി ക്രമീകരണത്തില്‍ പുനപരിശോധന വേണമെന്നാണ് സ്‌ക്വാഡിലെ അംഗങ്ങളുടെ ആവശ്യം. ഫ്‌ളൈയിംങ് സ്‌ക്വാഡിന് പുറമെ ജില്ലയില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും പ്രവര്‍ത്തനമാരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുമുതല്‍ ദുരുപയോഗപെടുത്തുന്നത് തടയാന്‍ വേണ്ടിയാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും രൂപീകരിച്ചത്. അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി ഓരോ സ്‌ക്വാഡും ജില്ലക്ക് പൊതുവായി ഒരു സ്‌ക്വാഡും ഉള്‍പ്പെടെ ആറ് ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. പ്രാരംഭ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റു പ്രചരണ സാമഗ്രികളും നീക്കം ചെയ്യും. എ.ഡി.എം കെ.വി.ശ്രുതിയാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍.