കണ്ണൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ച, മയക്കുമരുന്ന് കേസുകളിലെ പ്രതി അറസ്റ്റില്‍. വടകര, മേപ്പയില്‍ കല്ലുനിറ-പറമ്പത്ത്, പുതിയാപ്ല ഹൗസിലെ പി.പ്രവീണിനെയാണ് (29)മട്ടന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 19ന് മട്ടന്നൂര്‍, ഉരുംച്ചാലിലെ തംസീറിന്റെ ഉടമസ്ഥതയില്‍ പഴശ്ശിയിലുള്ള വാടകവീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന് 1500 രൂപ കവര്‍ച്ച ചെയ്തിരുന്നു. തംസീറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രവീണിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വടകരയിലെത്തി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്ക് പിന്നില്‍ പ്രവീണ്‍ ആണെന്ന് വ്യക്തമായത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രവീണ്‍ അന്തര്‍സംസ്ഥാന കവര്‍ച്ച, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് മനസ്സിലായത്. കാസര്‍കോട്, ഉഡുപ്പി, മാഹി, തലശ്ശേരി, കോഴിക്കോട്, എന്നീ സ്റ്റേഷനുകളിലായി 17 കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി.