കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വന്‍തോതില്‍ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ കോട്ടേക്കര്‍ ബീരിക്ക് സമീപമുള്ള ഒരു വീട്ടില്‍ സിസിബി പോലീസ് നടത്തിയ റെയ്ഡിലാണ് 9 ലക്ഷത്തിന്‍റെ മയക്കുമരുന്ന് പിടികൂടിയത്.
ഉള്ളാളിലെ ബസ്തി പഡ്പു ദര്‍ഗ റോഡില്‍ താമസിക്കുന്ന മുഹമ്മദ് ഇഷാന്‍ (35), ഉള്ളാളിലെ ടിസി റോഡിലെ അക്കരകെരെയില്‍ താമസിക്കുന്ന ജാഫര്‍ സാദിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ സ്കെയില്‍, 6 ലക്ഷം രൂപയുടെ കറുത്ത ടൊയോട്ട കാംറി കാര്‍, 10,000 രൂപയുടെ മൊബൈല്‍ ഫോണുകള്‍ തുടങ്ങി വിവിധ വസ്തുക്കളാണ് മയക്കുമരുന്ന് കച്ചവടക്കാരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. കഞ്ചാവ് വില്‍പ്പന, മംഗലാപുരം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ആക്രമണം, കൊലപാതകശ്രമം, കുടക് ജില്ലയിലെ കുശാല്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളാണ് ജാഫര്‍ സാദിക്കിന്‍റെ പേരില്‍ നിലവിലുള്ളത്. കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് മുഹമ്മദ് ഇഷാനെതിരെ കേസ് നിലവിലുണ്ട്. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്ന് ആണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. മംഗലാപുരം സിസിബി യൂണിറ്റ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഗീത കുല്‍ക്കര്‍ണിയുടെ നിര്‍ദ്ദേശത്തില്‍ ഡിസിപിമാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.