നിലേശ്വരം: തിരക്കേറിയ മെയിന്‍ ബസാര്‍ തെരു റോഡിലെ ആക്രി കച്ചവടം വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും തലവേദനയായെന്ന് പരാതി.
ആക്രി സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നത് റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ്. ഇവിടെ കുന്നുപോലെ ആക്രികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. കടുത്ത വേനലില്‍ ഇവിടെ തീപിടിത്തത്തിനുള്ള സാദ്ധ്യതയും നാട്ടുകാര്‍ പറയുന്നു. ഇതിന് തൊട്ടടുത്ത് തന്നെ നിസ്കാര പള്ളിയും , പഴയ ചാക്കുകള്‍ അറ്റകുറ്റപണി ചെയ്യുന്ന കുടുസ്സായ മുറിയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. വൈകുന്നേരങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. ആക്രി സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഇതില്‍ നിന്ന് സാധനങ്ങള്‍ ഇറക്കി പൊളിച്ച് അട്ടിവയ്ക്കുന്നതുമാണ് കുരുക്ക് സൃഷ്ടിക്കുന്നത്. എസ്.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാസര്‍കോട് ജില്ലാ സഹകരണ ഹൗസിംങ് സഹകരണ സംഘം, വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്. വ്യാപാരി ഹാളില്‍ വരുന്നവര്‍ക്ക് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും പ്രയാസമാണെന്ന് പറയുന്നു. എന്നാല്‍ പരാതി നഗരസഭയെ അറിയിച്ചിട്ടും ഇവിടെ പരിശോധനയ്ക്കുപോലും തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.