ജാതിപ്പേര് വിളിച്ച് മര്‍ദ്ദനം

കാഞ്ഞങ്ങാട്: വാക്ക് തര്‍ക്കത്തിനിടയില്‍ ജാതിപ്പേര് വിളിച്ച് മര്‍ദ്ദനം. പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂടം കല്ല് കൊല്ലറംകോട് ബാബുവിന്‍റെ മകന്‍ തേപ്പ് തൊഴിലാളി വിപിന്‍ബാബു(29), കുഞ്ഞിരാമന്‍റെ മകന്‍ ഓട്ടോഡ്രൈവര്‍ പ്രജീഷ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂടംകല്ല് ഓണിയിലെ ശിവപ്രസാദാണ് മര്‍ദ്ദിച്ചതെന്ന് പറയുന്നു. കഴിഞ്ഞദിവസം വൈകീട്ട് ഓണിയില്‍ വെച്ചാണ് സംഭവം. പ്രജീഷും വിപിന്‍ബാബുവും സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് അപരിചിതരായ രണ്ടുപേരെ കണ്ടു. നിങ്ങളെ പരിചയമില്ലല്ലോ നിങ്ങള്‍ എവിടെയാണ് എന്ന് ചോദിക്കുകയും ഇതില്‍ പ്രകോപിതനായ ശിവപ്രസാദ് ഹെല്‍മറ്റ് കൊണ്ട് വിപിനിനെ തലക്ക് അടിക്കുകയും പ്രജീഷിനെ നെഞ്ചത്ത് ചവിട്ടി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും പറയുന്നു.