'കേരളത്തിന്‍റെ ദേശീയ പണിമുടക്ക് ' ഇന്ന് അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്. ദേശീയപണിമുടക്കാണെങ്കിലും പൂര്‍ണ്ണമായും സ്തംഭിക്കുന്ന സംസ്ഥാനം കേരളം മാത്രമായിരിക്കും. മുമ്പായിരുന്നുവെങ്കില്‍ ബംഗാളിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണ്ണമാവുമായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പൊതുജനങ്ങള്‍ പണിമുടക്കിനോട് സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സി.ഐ.ടി.യു ഉള്‍പ്പെടെ പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിന് കര്‍ഷക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, ഐടി മേഖലയിലെ ജീവനക്കാരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തെ ബാധിക്കില്ല. പൊതു പണിമുടക്ക് എല്ലാ അര്‍ത്ഥത്തിലും ഹര്‍ത്താലായി മാറും. അതും വിട്ട് ബന്ദാകാനും സാധ്യതയുണ്ട്. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതിവിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും ഓട്ടോടാക്സി വാഹനങ്ങളും നിരത്തിലിറങ്ങില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കും മാരാമണ്‍ കണ്‍വെന്‍ഷനും തടസ്സമുണ്ടാകില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.