നീലേശ്വരം: സ്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച് മാല പൊട്ടിച്ചെടുത്തു. പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിലെ അടിച്ചുതെളിക്കാരി ഉച്ചൂളികുതിരിലെ നാരായണി, ഭര്‍ത്താവ് ഭാസ്ക്കരന്‍ എന്നിവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാണ് നാരായണിയുടെ കഴിത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെ നാഗച്ചേരി ക്ഷേത്രത്തിനും ഹൗസിംങ് കോളനിക്കും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം. എന്നാല്‍ ദിവസവും പുലര്‍ച്ചെ അമ്പലത്തിലേക്ക് അടിച്ചുതെളിക്കാനെത്തുന്ന നാരായണി സ്വര്‍ണ്ണം ധരിക്കുന്നത് അപകടമാണെന്നറിഞ്ഞ് മുക്കുപണ്ടമാണ് അണിഞ്ഞിരുന്നത്. ഇതാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. ഭര്‍ത്താവിനോടൊപ്പം രാവിലെ ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇവരുടെ സ്കൂട്ടിയില്‍ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് സ്കൂട്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിന്‍റെ പിറകിലുണ്ടായിരുന്ന ഹെല്‍മറ്റ് വെച്ചയാള്‍ ചാടിയിറങ്ങി നാരായണിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ഉമേശന്‍, എസ്ഐ ടി.വിശാഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, ഹോംഗാര്‍ഡ് പ്രവീണ്‍, ഡ്രൈവര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാഗച്ചേരി പടിഞ്ഞാറ്റംകൊഴുവല്‍ ഭാഗങ്ങളിലെ മുഴുവന്‍ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ച് വരികയാണ്. ദിവസവും പുലര്‍ച്ചെ നാരായണി ക്ഷേത്രത്തിലേക്ക് വരുന്നത് അറിയാവുന്നവരായിരിക്കാം മാലപൊട്ടിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു.