പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ കണ്ടെത്താന്‍ ആലോചന തുടങ്ങി

കണ്ണൂര്‍: കേരളത്തില്‍ പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ നിയോഗിക്കുന്നത് സംബന്ധിച്ച് എഐസിസി തലത്തില്‍ ആലോചന തുടങ്ങി. കെ.സുധാകരന്‍റെ അനാരോഗ്യം കണക്കിലെടുത്താണ് പുതിയ കെ.പി.സി.സി പ്രസിഡണ്ട് എന്ന ചിന്ത എഐസിസിയില്‍ ഉയര്‍ന്നുവന്നത്. ചെറുപ്പക്കാരെ പ്രസിഡണ്ടാക്കാനാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ നിര്‍ദ്ദേശം. ഷാഫി പറമ്പിലിനെ കെ.പി.സി.സി പ്രസിഡണ്ടാക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും മുസ്ലീംലീഗ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഷാഫി പറമ്പില്‍ കെ.പി.സി.സി പ്രസിഡണ്ടായാല്‍ മുസ്ലീംലീഗില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വലിയ ഒഴുക്ക് ഉണ്ടാകുമെന്ന ഭയം ലീഗ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഷാഫി പറമ്പില്‍ സംസ്ഥാനത്ത് ജനപ്രീതി നേടിയ യുവ നേതാവാണ്. അങ്കമാലി എംഎല്‍എ റോജി എം ജോണിനെ കെ.പി.സി.സി പ്രസിഡണ്ടാക്കണമെന്ന നിര്‍ദ്ദേശം കത്തോലിക്കരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. റോജി കണ്ണൂര്‍ ജില്ലയില്‍ ഉദയഗിരി സ്വദേശിയാണ്. തന്നെയുമല്ല രാഹുല്‍ ഗാന്ധിയുടെ പ്രത്യേ ക നിര്‍ദ്ദേശപ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് റോജിക്ക് നല്‍കിയത്. തൃശൂരില്‍ കത്തോലിക്കര്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയെയാണ് അനുകൂലിച്ചത്. ഇനിയും ബിജെപിയിലേക്ക് കൂടുതല്‍ കത്തോലിക്കര്‍ പോകാതിരിക്കാന്‍ റോജിയെ പ്രസിഡണ്ടാക്കുന്നത് സഹായിക്കുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ബിഷപ്പുമാരും റോജിയെ അനുകൂലിക്കാനാണ് സാധ്യത. എ.കെ.ആന്‍റണിക്ക് ശേഷം ഒരു കത്തോലിക്കന്‍ കേരളത്തില്‍ കെ.പി.സി.സി പ്രസിഡണ്ടായിട്ടില്ല. കെ.സുധാകരന്‍ ഏതാനും നാളുകളായി ക്ഷീണിതനാണ്. 76 വയസ് മാത്രമാണ് പ്രായമെങ്കിലും പലതരത്തിലുള്ള അസുഖങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അലട്ടുന്നുണ്ട്. പല പരിപാടികളിലും അദ്ദേഹത്തിന് സംബന്ധിക്കാന്‍ കഴിയുന്നില്ല. ഇതാണ് പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള ആലോചനകള്‍ ധ്രുതഗതിയിലാവാന്‍ കാരണം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പെരിയയിലെ നാല് കോണ്‍ഗ്രസ് നേതാക്കളെ കെ.പി.സി.സി നേതൃത്വം പുറത്താക്കിയതില്‍ കെ.സുധാകരന്‍ അതൃപ്തനാണ്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായശേഷം ആലുവായിലെ ഒരു വിവാഹചടങ്ങില്‍ വെച്ച് കെ.സുധാകരന്‍ പെരിയ ബാലകൃഷ്ണനെ നേരില്‍ കാണാനിടയായി. ബാലകൃഷ്ണനെ കണ്ടയുടന്‍ കെട്ടിപ്പിടിച്ച കെ.സുധാകരന്‍ കണ്ഠമിടറിക്കൊണ്ട് പുറത്താക്കല്‍ നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. നീ എന്‍റെ ആളാണെന്നും നിരവധി നേതാക്കള്‍ നോക്കിനില്‍ക്കെ അദ്ദേഹം പറഞ്ഞു. എഐസിസിയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പെരിയയിലെ നാല് കോണ്‍ഗ്രസ് നേതാക്കളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ സസ്പെന്‍റ് ചെയ്യിച്ചതത്രെ.