കാഞ്ഞങ്ങാട്: മെയ് 30 ന് നടക്കുന്ന കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാഞ്ഞങ്ങാട്ടെ മെഡിക്കല്‍ ഷോപ്പ് ഉടമ സി.കെ.ആസിഫിനെതിരെ അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി അട്ടേങ്ങാനത്തെ എം.വിനോദിനെ തന്നെ രംഗത്തിറക്കുമെന്ന് സൂചന. മെയ് 20 ന് കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ എക്സിക്യുട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വിനോദിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഏറെക്കാലമായി വിവാദങ്ങളിലൊന്നും അകപ്പെടാതെ അസോസിയേഷനില്‍ നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് എം.വിനോദ്. താന്‍ ഒരു മത്സരത്തിനില്ലെന്ന് ആദ്യം തന്നെ വിനോദ് അസോസിയേഷന്‍റെ ഔദ്യോഗിക വിഭാഗത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ വിനോദാണെന്ന് പ്രസിഡണ്ട് സി.യൂസഫ് ഹാജി അടക്കമുള്ള ഭാരവാഹികള്‍ വിലയിരുത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള അംഗങ്ങളുടെ ലിസ്റ്റ് അസോസിയേഷന്‍ ഇന്ന് പുറത്തിറക്കും. ജില്ലാ ഘടകത്തിന് കൊടുക്കുന്ന ലിസ്റ്റ് അവര്‍ അംഗീകരിച്ച് യൂണിറ്റിന് നല്‍കണം. ഇന്ന് വൈകീട്ടത്തോടെ ഇത്തരം നടപടികളെല്ലാം പൂര്‍ത്തിയാവും. കാസര്‍കോട് യൂണിറ്റ് കഴിഞ്ഞാല്‍ ഏറ്റവും അംഗങ്ങളും ആസ്തിയുമുള്ള രണ്ടാമത്തെ യൂണിറ്റാണ് കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍. കഴിഞ്ഞ 16 കൊല്ലമായി സി.യൂസഫ് ഹാജി പ്രസിഡണ്ടായ കമ്മറ്റിയാണ് സംഘടനയെ നയിക്കുന്നത്. ഇത്തവണ പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറാന്‍ യൂസഫ് ഹാജി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുന്നത്. തിരഞ്ഞെടുപ്പ് ഗോദയില്‍ സി.കെ.ആസിഫും എം.വിനോദും രംഗത്തിറങ്ങുന്നതോടെ കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷനില്‍ മുമ്പൊന്നും കാണാത്തവിധം തീപാറുന്ന മത്സരം നടക്കുമെന്നുറപ്പാണ്. ആസിഫ് ഏതാനും ദിവസമായി വോട്ടര്‍മാരെ കാണുന്നുണ്ട്. നിലവിലുള്ള എക്സിക്യുട്ടീവ് കമ്മറ്റിയിലെ പകുതിയിലധികം മെമ്പര്‍മാരും പരസ്യമായും രഹസ്യമായും ആസിഫിനെ പിന്തുണക്കുന്നുണ്ട്. പുതിയ ഒരു ടീം തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് അസോസിയേഷനിലെ ഭൂരിഭാഗവും. തന്നെയുമല്ല യുവനിര രംഗത്തുവരണമെന്നും അംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടത്രെ.