മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തുമാണ് മരിച്ചത്. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും ബാംഗ്ലൂരില്‍ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ യാത്രക്കാരായ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് എതിര്‍വശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ് ഡ്രൈവര്‍ എന്നിവര്‍ക്കും ഗുരുതരമായിപരിക്കുണ്ട്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാലില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉഷയെ വിദഗ്ധ ചികില്‍സക്ക് ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകവെയാണ് അപകടം സംഭവിച്ചത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സംഭവം അറിഞ്ഞയുടന്‍ തന്നെ മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.