കെ എസ് ഇ ബി ഓഫീസും ബാങ്കും ഇനി ബിഎസ്എന്‍എല്‍ സമുച്ചയത്തില്‍

നീലേശ്വരം: സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ബിഎസ്എന്‍എല്‍, അധിക വരുമാനം കണ്ടെത്തുന്നതിനായി നടപ്പിലാക്കുന്ന ആസറ്റ് മോണിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലും കെട്ടിടങ്ങളും സ്ഥലങ്ങളും വാടകയ്ക്ക് നല്‍കുന്ന നടപടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി നീലേശ്വരം നഗരമധ്യത്തിലെ രാജാ റോഡരികിലുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ മാറാന്‍ ഒരുങ്ങുകയാണ്. ചിറപ്പുറം ആലിക്കീഴില്‍ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കെഎസ്ഇബിയുടെ നീലേശ്വരം സെക്ഷന്‍ ഓഫീസ് അടുത്ത മാസം 10 മുതല്‍ ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റും. ഇതിനായി കെട്ടിടത്തിന്‍റെ ഒന്നാം നിലയും ക്വാര്‍ട്ടേഴ്സുകളുമാണ് കെഎസ്ഇബിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഓഫീസ് മാറ്റത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഫര്‍ണിച്ചറുകളും മറ്റ് സാമഗ്രികളും ഇതിനകം തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, നിലവില്‍ മെയിന്‍ ബസാറിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയും സമീപഭാവിയില്‍ ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് മാറുമെന്നാണ് വിവരം. ഉത്തര മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഓഫീസും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് സ്ഥലപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഒരേ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് നഗരത്തിന്‍റെ ഹൃദയഭാഗത്ത് തന്നെ സേവനങ്ങള്‍ ലഭ്യമാകുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും പ്രയോജനപ്പെടുത്തി സ്ഥിരമായ വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ ആസറ്റ് മോണിറ്റൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, കോവര്‍ക്കിംഗ് സ്പേസുകള്‍ എന്നിവയ്ക്കാണ് ബിഎസ്എന്‍എല്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്. വാടകയിനത്തില്‍ ലഭിക്കുന്ന പ്രതിമാസ വരുമാനം കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.