കാഞ്ഞങ്ങാട്: കര്‍ക്കിടകത്തില്‍ ഗൃഹ സന്ദര്‍ശനത്തിന് എത്തി അടിവേടന്‍ തെയ്യങ്ങള്‍. ആടിയും, വേടനയുമായി കുട്ടികളാണ് പഞ്ഞ മാസത്തില്‍ വീടുകളില്‍ എത്തുന്നത്. കര്‍ക്കിടകത്തിലെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ പാര്‍വതിയും പരമേശ്വരനുമാണ് തെയ്യ രൂപങ്ങളില്‍ എത്തുന്നതെന്നാണ് വിശ്വാസം. കര്‍ക്കിടകം ഒന്നു മുതല്‍ സംക്രമം വരെയാണ് കുട്ടി തെയ്യങ്ങള്‍ വീടുകളില്‍ എത്തുക. ആടി എന്ന പാര്‍വതി വേഷം കെട്ടുന്നത് വണ്ണാര്‍ സമുദായത്തിലെ കുട്ടികളും വേടന് എന്ന ശിവ വേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്. കോലക്കാരുടെ വീടുകളില്‍ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടിവേടന്മാര്‍ക്ക് യാത്രാവേളയില്‍ അകമ്പടി ചെണ്ട ഇല്ല. വീട്ടുപടിക്കലെത്തുമ്പോള്‍ മാത്രമേ ചെണ്ട കൊട്ടൂ , അതും ഒറ്റ ചെണ്ട. ആടി വേടന്മാര്, മഞ്ഞള്‍ പൊടിയും ചുണ്ണാമ്പും ചേര്‍ത്ത് ഗുരുതി വെള്ളം, മുറ്റത്ത് കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന് ചുറ്റും ഒഴുക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങും എന്നാണ് വിശ്വാസം. വീട്ടില്‍ എത്തുന്ന തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നല്‍കുക. കര്‍ക്കിടകത്തിലെ ഏഴാം നാള് മുതല്‍ പതിനാറാം നാള് വരെയാണ് മലയ സമുദായത്തിന്റെ വേടന് തെയ്യങ്ങള്‍ക്ക് വീടുകളില്‍ എത്താന്‍ അവകാശം. 16 മുതല്‍ 28 നാള് വരെ വണ്ണാന്‍ സമുദായത്തിനും.
ഗൃഹസന്ദര്‍ശനത്തിനെത്തി ആടിവേടന്‍ തെയ്യങ്ങള്‍