ബാംഗ്ലൂര്‍: കര്‍ണാടക ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര തിങ്കളാഴ്ച നടത്തിയൊരു പ്രസ്താവന കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 25 കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരാന്‍ തയ്യാറാകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാക്കുകള്‍. ഈ പ്രസ്താവന ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ഒരേസമയം ചൊടിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപ്പറേഷനുകള്‍ നടക്കുന്നുണ്ടെന്ന വിവാദങ്ങള്‍ക്കിടയിലാണ് വിജയേന്ദ്രയുടെ ഈ വിവാദ പ്രസ്താവന. എന്നാല്‍ ബിജെപിയുടെ വാദങ്ങള്‍ക്ക് പരിഹാസരൂപേണ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. അധികം സമയം പാഴാക്കാതെ തന്നെ എംഎല്‍എമാരെ വിളിച്ചുകൊണ്ട് പോകൂവെന്ന വെല്ലുവിളിയാണ് കര്‍ണാടക മുഖ്യമന്ത്രി നടത്തിയത്. 'ആദ്യം അയാളോട് അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോകാന്‍ പറയൂ. അയാളോട് ഒട്ടും വൈകിക്കരുതെന്നും പറഞ്ഞേക്കൂ,' എന്നായിരുന്നു ശിവകുമാറിന്‍റെ ആദ്യ പ്രതികരണം.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിന് ബിജെപിയേയും ജെഡിഎസിനേയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു. 'ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കുമാരസ്വാമിക്കും വിജയേന്ദ്രയ്ക്കും അറിയില്ലായിരുന്നു. അവരുടെ നേതാക്കള്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേറെ എന്താണ് വേണ്ടത്? വിജയേന്ദ്ര സമയം ഒട്ടും പാഴാക്കാതെ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോട്ടെ,' മുഖ്യമന്ത്രി പരിഹസിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വലിയ ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലുള്ള വിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ ആരോപിച്ചിരുന്നു. നാളെ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 25 ഭരണകക്ഷി എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ബി.വൈ. വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.