കരിന്തളം: മാസങ്ങളായി റോഡരികില്‍ അനാഥമായി കിടന്ന് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി മാറിയിരുന്ന ടാര്‍ മിക്സിങ് മെഷീന് ജന്മദേശം വാര്‍ത്തയെ തുടര്‍ന്ന് കരാറുകാരന് മണിക്കൂറുകള്‍ക്കകം എടുത്തുമാറ്റി. മാസങ്ങളായി പരിഹാരമില്ലാതെ നീണ്ട പ്രശ്നത്തിന് വാര്‍ത്താ ഇടപെടലിലൂടെ അതിവേഗം പരിഹാരമായതില്‍ പ്രദേശവാസികള്‍ വലിയ ആശ്വാസത്തിലാണ്. കോയിത്തട്ടڊകോളംകുളം റോഡില്‍ കുമ്പളപ്പള്ളി ബസ് സ്റ്റോപ്പിന് കുറച്ചകലെയാണ് സ്വകാര്യ പ്രവൃത്തിക്കായി എത്തിച്ച ടാര്‍ മിക്സിങ് മെഷീന് മാസങ്ങളായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്നത്. മെഷീന്റെ ഒരു ഭാഗം റോഡിലേക്ക് കയറി നില്ക്കുന്നതിനാല് വാഹനയാത്ര അതീവ അപകടകരമായി മാറിയിരുന്നു. വീതി തീരെ കുറഞ്ഞ വളവുള്ള ഈ റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ഇതിന് പുറമെ സമീപപ്രദേശത്ത് രണ്ട് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര് ദിവസേന ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മെഷീന് കാരണം എപ്പോള്‍ വേണമെങ്കിലും വലിയ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ കഴിഞ്ഞിരുന്നത്. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. മെഷീന് മാറ്റണമെന്നാവശ്യപ്പെട്ട് കരാറുകാരനോട് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആശങ്കയും അപകടസാധ്യതയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ശനിയാഴ്ച ജന്മദേശം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ കാര്യങ്ങള്‍ക്ക് വേഗത കൈവന്നു. ഞായറാഴ്ച ഉച്ചയോടെ കരാറുകാരന് മെഷീന് സ്ഥലത്ത് നിന്ന് എടുത്തുമാറ്റുകയായിരുന്നു.
ജന്മദേശം വാര്‍ത്തയ്ക്ക് പിന്നാലെ നടപടി; ടാര്‍ മിക്സിങ് മെഷീന് നീക്കി