സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണം: വനിതാ നേതാക്കളും കെഎസ്യു നേതാവും രാജിവെച്ചു

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണം തുടരുന്നതില്‍ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാ നേതാക്കളും കെഎസ്യു ജില്ലാ നേതാവും രാജിവെച്ചു.

പഴയ ഡിഡിഎഫുകാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസിടോം, മൂന്നാംവാര്‍ഡ് മെമ്പര്‍ ഡെറ്റി ഫ്രാന്‍സീസ് എന്നിവര്‍ക്ക് മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സ്ഥാനങ്ങളും ജയിംസ് പന്തമ്മാക്കലിന്‍റെ മകന്‍ തോമസ് ജയിംസിന് കെ.എസ് യു ജില്ലാ സെക്രട്ടറി സ്ഥാനവും നല്‍കിയിരുന്നു. ഈ മൂന്ന് പദവികളുമാണ് ഇന്ന് രാജിവെച്ചത്. ഡിഡിഎഫ് പിരിച്ചുവിട്ട് കോണ്‍ഗ്രസിലെത്തിയവരെ ഉള്‍ക്കൊള്ളാന്‍ ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസ് നേതൃ ത്വം തയ്യാറായിട്ടില്ല. നിലവില്‍ സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായും യുഡിഎഫുമായും സഹകരിക്കേണ്ടതില്ലെന്നാണ് പഴ ഡിഡിഎഫുകാരുടെ തീരുമാനം. ഡിഡിഎഫ് നിലവിലുള്ള സമയത്ത് സിപിഎമ്മുമായി ധാരണയിലായി. സിപിഎമ്മിനെ തള്ളിയാണ് ജെയിം സ് പന്തമ്മാക്കലും കൂട്ടരും കോണ്‍ഗ്രസിലേക്ക് പോയത്. ഇതുമൂലം പന്തമ്മാവന്‍ വിഭാഗത്തോട് സിപിഎമ്മും കലിപ്പിലാണ്. ഇതാണ് ഇരുമുന്നണികള്‍ക്കും വോട്ട് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണമത്രെ. ലോക പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തക ദയാഭായി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കാസര്‍ കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ദയാഭായിക്ക് വോട്ട് കൊടുക്കുന്നതിനെകുറിച്ചാണ് പഴയ ഡിഡിഎഫുകാരുടെ ഇടയില്‍ ആലോചന.