ഇ.കെ.ഷാഹിനക്ക് കഥാപുരസ്കാരം

കാഞ്ഞങ്ങാട് : എഴുത്തുകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് സ്മാരക പ്രഥമ കഥാ പുരസ്കാരത്തിന് മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ ചെറുകഥാകൃത്ത് ഇ.കെ.ഷാഹിനയുടെ 'സ്വപ്നങ്ങളുടെ പുസ്തകം' എന്ന കൃതിക്ക് സമ്മാനിക്കുമെന്ന് സ്മാരകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വപ്നങ്ങളുടെ പുസ്തകം, കശീര്‍ കല്ല്, സൂഫിയാന്‍, കൃഷ്ണ ചുര ക്രിസാന്ത് ഫെര്‍ണാണ്ടസിന് സെറീനയോട് പറയാനുള്ളത് എന്നി നാലുകഥകളടങ്ങിയ കൃതിയാണിത്. അകാലത്തില്‍ പൊലിഞ്ഞ കഥാകൃത്ത് ത്യാഗരാജന്‍റെ സഹപാഠികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 10000 രൂപയും ശില്‍പ്പവുമടങ്ങിയ അവാര്‍ഡ്നവംബറില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഡോ. കെ.വി.സജീവന്‍, ഡോ. റഫീഖ് അഹമ്മദ്, പി.കൃഷ്ണദാസ് എന്നിവരായിരുന്നു ജൂറിഅംഗങ്ങള്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയും ഹയര്‍ സെക്കന്‍ററി അദ്ധ്യാപികയുമായ ഷാഹിനക്ക് ഇടശേരി അവാര്‍ഡ്, മുതുകുളം പാര്‍വ്വതിയമ്മ പുരസ്ക്കാരം, ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം, അവനീബാല കഥാ പുരസ്ക്കാരം, കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം, ടി വി കൊച്ചുബാവ കഥാപുരസ്കാരം, അങ്കണം അവാര്‍ഡ്, അറ്റ്ലസ്- കൈരളി കഥാ പുരസ്ക്കാരംഎന്നിവ ലഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ചങ്ങാതികൂട്ടം ഭാരവാഹികളായ ശശിന്ദ്രന്‍മടിക്കൈ, വി.വി.ശ്രീജിത്ത്, കെ.എം.ശ്രീവിദ്യ, പി.തങ്കമണി രാഘവന്‍, എം.രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു.