ചെറുപുഴ: മലബാറിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയിലേക്കുള്ള 67-ാമത് വിശ്വാസ തീര്‍ഥാടനവും പുതുഞായര്‍ ആചരണവും നാളെ പുലര്‍ച്ചെ 3ന് തുടങ്ങും. 3 ന് ആനക്കുഴിയില്‍ നിന്നും കുരിശിന്റെ വഴി ആരംഭിക്കും. 3.45ന് കൊടിയേറ്റിന് ചൂരപ്പടവ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ അരിച്ചാലില് നേതൃത്വം നല്‍കും. തുടര്‍ന്ന് 4 മുതല്‍ 9 വരെ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.തോമസ് ചിന്താര്‍മണിയില്‍, ഫാ.ഡോ.ജോണ്‍ കൊച്ചുപുരയ്ക്കല്‍, ഫാ.ജേക്കബ് തെങ്ങനാട്ട്, ഫാ.ആന്റണി പെരുമ്പള്ളികുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. മലയോര മേഖലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കൊട്ടത്തലച്ചി മലയില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.