കാഞ്ഞങ്ങാട്: മുസ്ലീംലീഗ് നേതാവും കാസര്‍കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറിയുമായ അജാനൂര്‍ ഇട്ടമ്മലിലെ സി.മുഹമ്മദ്കുഞ്ഞി ഡിസംബറില്‍ പുറത്തിറക്കുന്ന 'ചരിത്ര ശേഷിപ്പുകള്‍ തേടിയുള്ള ഒരു ലോക സഞ്ചാരം' എന്ന പുസ്തക രചനയുടെ ഭാഗമായി അമേരിക്കയിലേക്ക് പുറപ്പെട്ടു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് നാളെ ആരംഭിക്കുന്ന യാത്ര പതിനാല് ദിവസം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ സന്ദര്‍ശനത്തിന് ശേഷം ന്യൂയോര്‍ക്കില്‍ സമാപിക്കും. നേരത്തെ സഞ്ചരിച്ച ഏഷ്യയിലെയും യൂറോപ്പിലേയും നാല്‍പ്പതില്‍പ്പരം രാജ്യങ്ങളിലെ യാത്രാനുഭവങ്ങളോടൊപ്പം അമേരിക്കയിലെ ചരിത്രവും വര്‍ത്തമാനവും വിസ്മയ ദൃശ്യങ്ങളും പുസ്തക രചനയില്‍ ഉള്‍പ്പെടുത്തും. അടുത്ത സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ ചിത്താരിയിലെ ജിദ്ദ കുഞ്ഞബ്ദുള്ള ഹാജിയും അദ്ദേഹത്തോടൊപ്പം അമേരിക്കയിലേക്ക് യാത്രതിരിച്ചു.
സി.മുഹമ്മദ്കുഞ്ഞിക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാകമ്മറ്റി യാത്രയയപ്പ് നല്‍കി. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബി.എസ്.ഇബ്രാഹിം മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. എ.ഹമീദ് ഹാജി, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, സൈനുദ്ദീന്‍ കോട്ടപ്പുറം, സത്താര്‍ ആവിക്കര, ബി.എം.മുഹമ്മദ്കുഞ്ഞി, മുഹമ്മദലി ചിത്താരി, സൗദി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പങ്കെടുത്തു. ജലീല്‍ കടവത്ത് സ്വാഗതവും സി.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ടി.കെ.പരീക്കുട്ടി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.