നീലേശ്വരത്തും വേണം ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി

നീലേശ്വരം: ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി വേണമെന്ന് പറഞ്ഞ് നാട്ടുകാര്‍ മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി . അതിനിടെ നീലേശ്വരം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. ഒരു അപ്രതീക്ഷിത ദുരന്തമുണ്ടായാല്‍ ദുരന്തത്തിനിരയായവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മാത്രം നീലേശ്വരത്തിന്‍റെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ടപകടത്തിന് പിന്നാലെ കണ്ട കാര്യങ്ങള്‍. പേരോല്‍ വള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഒരു സൗകര്യവും നിലവിലില്ല. അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ അപ്രതീക്ഷ ദുരന്തത്തില്‍ ഗുരുതര പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ 154 പേരാണ് ഇരയായത്. 6 പേര് പൊള്ളലേറ്റു മരിച്ചു. അര്‍ധരാത്രിയില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ഓട്ടം. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്കെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി പലരെയും കാഞ്ഞങ്ങാട്ടേക്ക് അയച്ചു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സംയോജിതമായി ഇടപെട്ട് നിസാര പൊള്ളലേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കി. ഗുരുതര പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ആവശ്യമായവരെ കണ്ണൂരിലെയും മംഗലാപുരത്തേയും ആശുപത്രികളിലേക്ക് മാറ്റി. 154 പേരില്‍ 102 പേരെ ആദ്യദിനം അഡ്മിറ്റ് ചെയ്തു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റവരെ കണ്ണൂര്‍, കോഴിക്കോട് മിംസ് ആശുപത്രികളിലും കണ്ണൂര്‍ ബേബി മെമ്മേറിയല്‍ ആശുപത്രിയിലും മംഗലാപുരം എ.ജെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 21 പേര്‍ ഐ.സി.യുവില്‍. ജില്ലയുടെ ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് മുഴുവന്‍ ജില്ലയുടെ അതിര്‍ത്തി വിടേണ്ടി വന്നു. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനായി ബേണ്‍ ഐ.സി.യു സംവിധാനം ജില്ലയില്‍ ഇല്ലാത്തതായിരുന്നു പ്രധാന കാരണം. പ്ലാസ്റ്റിക് സര്‍ജറിക്കൊപ്പം രോഗിയുടെ നില മെച്ചപ്പെടുന്ന ഘട്ടത്തില്‍ സ്കിന്‍ ഗ്രാഫ്റ്റിംഗും നടത്തണം. കണ്ണൂരിലും മംഗലാപുരത്തുമാണ് ഏറ്റവും അടുത്ത് ബേണ്‍ ഐ.സി.യു സംവിധാനമുള്ള ആശുപത്രികള്‍ ഉള്ളത്.

ഏറ്റവും അടുത്ത് ബേണ്‍ ഐ.സി.യു സംവിധാനമുള്ള ആശുപത്രികള്‍ ഉള്ളത്. അപകടമുണ്ടായാലോ ഒരു അത്യാഹിതം സംഭവിച്ചാലും മംഗലാപുരത്തേയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളാണ് ഇപ്പോഴും ജില്ലയിലുള്ളവര്‍ക്ക് ആശ്രയം. അടിയന്തിര ചികിത്സ ലഭ്യമാക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടി മംഗലാപുരത്തെത്തണം. പേരിന് മാത്രം നിര്‍മ്മിച്ചു വെച്ച കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ണമായ ചികിത്സാ സൗകര്യങ്ങള്‍ എന്ന് നടപ്പാവും എന്ന കാര്യത്തില്‍ അധികാരികള്‍ക്ക് പോലും ഉറപ്പില്ല. എട്ടോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ നീലേശ്വരം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മറ്റു ജില്ലകളില്‍ രണ്ടില്‍ കൂടുതല്‍ ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയും കാസര്‍കോട് ജനറല്‍ ആശുപത്രിയും മാത്രമാണ് ആശ്രയം. നീലേശ്വരം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകിയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.