രാജപുരം: 2010 ല്‍ കാണാതായ എണ്ണപ്പാറ മൊയോലം കോളനിയിലെ എം.സി.രാമന്‍റെ മകള്‍ എം.സി.രേഷ്മയുടെ തിരോധാനം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തുവെങ്കിലും അന്വേഷണസംഘത്തിന് കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.
രേഷ്മ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം. പക്ഷേ ആര് കൊന്നു, മൃതദേഹം എവിടെ മറവുചെയ്തു എന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. ഇതേതുടര്‍ന്ന് നിയമനടപടി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് രേഷ്മയുടെ കുടുംബം. രേഷ്മ തിരോധാനകേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാവ് കല്യാണി കേരള ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത റിട്ട് ഹരജിയില്‍ കോടതി ഇതേവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. അന്വേഷണ സംഘം വ്യക്തമായ റിപ്പോര്‍ട്ട് കൊടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി അന്തിമതീരുമാനം കൈക്കൊള്ളാത്തത്. ഏതാനും ദിവസം മുമ്പ് ഈ കേസ് കോടതി പരിഗണനക്കെടുത്തിരുന്നു. രേഷ്മയുടെ അസ്ഥി കണ്ടെത്തിയെന്നും ബിജുപൗലോസിനെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ആര് കൊന്നു, എവിടെ മറവുചെയ്തു എന്ന് റിപ്പോര്‍ട്ടിലില്ല. തല്‍ക്കാലത്തേക്ക് കോടതിയുടെ മുമ്പില്‍ മുഖം രക്ഷിക്കാനുള്ള നടപടികളാണ് അന്വേഷണസംഘത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇത് രേഷ്മയുടെ ബന്ധുക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. അതിനുള്ള തയ്യാറെടുപ്പുകളാണ് തുടങ്ങിയിരിക്കുന്നത്.
ബിജുപൗലോസിനെ കൊലക്കുറ്റം ചുമത്തിയല്ല അറസ്റ്റുചെയ്തിരിക്കുന്നത്. പീഡനമാണ് ബിജുവിന്‍റെ പേരിലുള്ള കുറ്റം. അതിനും തെളിവില്ല. രേഷ്മയോ കുടുംബാംഗങ്ങളോ പീഡനം സംബന്ധിച്ച് എവിടെയും പരാതിപ്പെട്ടിട്ടില്ല. ഇരയുടെ പരാതിയില്ലാതെ പീഡനക്കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ല. പീഡനം നടന്നതിന്‍റെ പരിശോധനാറിപ്പോര്‍ട്ടോ സര്‍ട്ടിഫിക്കറ്റുകളോ അന്വേഷണ സംഘത്തിന്‍റെ പക്കലുമില്ല. ഇത്തരം സാഹചര്യത്തിലാണ് നിയമനടപടികളുമായി മുമ്പോട്ടുപോകാന്‍ പട്ടികജാതി ജനസമാജവും രേഷ്മയുടെ കുടുംബാംഗങ്ങളും തയ്യാറെടുക്കുന്നത്. ഹോസ്ദുര്‍ഗിലെ പൊതുശ്മശാനത്തില്‍ നിന്നും ലഭിച്ച അസ്ഥിയും രേഷ്മയുടെ അടുത്തബന്ധുക്കളുടെ രക്തവും ഡിഎന്‍എ പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ ഇത്രയും കാലം കഴിഞ്ഞതുകൊണ്ട് അസ്ഥി രേഷ്മയുടേതുതന്നെയെന്ന് തെളിഞ്ഞില്ല. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയാല്‍ 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കണമെന്നാണ് ചട്ടം. ബി ജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ട് തൊണ്ണൂറുമല്ല നൂറ്റി ഇരുപതുമല്ല. നിരപരാധിയായ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ ബിജുപൗലോസും നിയമോപദേശം തേടിയതായി സൂചനയുണ്ട്.