ബാങ്ക് റോഡില്‍ പാതാളക്കുഴി പ്രത്യക്ഷപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രധാനറോഡുകളിലൊന്നായ ബാങ്ക് റോഡില്‍ പാതാളക്കുഴി. ഇന്ന് രാവിലെയോടെയാണ് ജനാര്‍ദ്ദന ആശുപത്രിക്ക് സമീപത്ത് റോഡില്‍ കുഴി കാണപ്പെട്ടത്. ഇന്നലെ രാത്രി വരെ സ്ഥലത്ത് ഇത്തരമൊരു കുഴി ഉണ്ടായിരുന്നില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. ടാര്‍ അടക്കമുള്ള ഭാഗം താഴ്ന്നാണ് വലിയ കുഴി രൂപം കൊണ്ടത്. അപകടസാധ്യത കണക്കിലെടുത്തു സ്ഥലത്ത് പരിസരത്തെ വ്യാപാരികള്‍ ഇളനീര്‍ തൊണ്ടുകള്‍ നിറച്ചിട്ടുള്ള രണ്ടു ചാക്കുകള്‍കൊണ്ടുവച്ചിട്ടുണ്ട്. റോഡ് താഴാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല. അപകടഭീഷണി ഉടന്‍ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.