കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എ.യുമായ എം.സി.ഖമറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പൂക്കോയ തങ്ങള്‍ എന്നിവര്‍ മുഖ്യപ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും കുറ്റപത്രം നല്‍കാന്‍ അനുമതി. വിജിലന്‍സ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്ക് അനുമതി നല്‍കിയത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 39 കേസുകളില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അവശേഷിക്കുന്ന കേസുകളില്‍ മെയ് 31 ന് അകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം തുടരാനും നിര്‍ദ്ദേശമുണ്ട്.