ഓണ്‍ലൈന്‍ ബിസിനസില്‍ 31,92,785 രൂപ തട്ടിയെടുത്ത നാലുപേര്‍ അറസ്ററില്‍

ബേക്കല്‍: വന്‍ ലാഭവിഹിതം വാഗ്ദാനം നല്‍കി ഓണ്‍ലൈനിലൂടെ യുവാവിന്‍റെ 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാലുപേരെ ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.

മലപ്പുറം താനൂര്‍ അഞ്ചുഡി പുതിയകടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബഷീര്‍(23), താനൂര്‍ കോര്‍മന്തല പുറഞ്ഞിന്‍റെ പുരക്കല്‍ പി.പി.അര്‍സല്‍മോന്‍ (24), പരിയാപുരം മോയിക്കല്‍ ഒട്ടുമ്പുറം ഫാറൂക്ക്പള്ളിക്ക് സമീപത്തെ എം.അസീസ്(31), കോര്‍മാന്‍ കടപ്പുറം ചെക്കിഡെന്‍റപ്പുരയില്‍ സി. പി.താജുദ്ദീന്‍ എന്ന സാജു(40) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. തൃക്കണ്ണാട്ടെ മാരന്‍ വളപ്പ് സഞ്ജയ് കുമാര്‍ കൃഷ്ണയില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ബിസിനസിലൂടെ വന്‍ ലാഭവിഹിതം നല്‍കാമെന്ന് പ്രേരിപ്പിച്ച് ജോനാഥന്‍ സൈമണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ സ്റ്റാര്‍ട്ടജിസ്റ്റ് സെന്‍റ് എന്ന വാട്ടസ് ആപ്പ് ഗ്രൂപ്പു വഴിയും അല്പാക്സ്സിപ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയും 2024 ജനുവരി 8 മുതല്‍ ഫെബ്രുവരി 6 വരെയുള്ള പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് സഞ്ജയ്കുമാര്‍ 31,92,785 രൂപ അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുതലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അന്വേഷണസംഘത്തില്‍ സിഐ അരുണ്‍ഷാ, എഎസ്ഐ ജോസഫ്, ജയപ്രകാശ്, സിനീയര്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവരും ഉണ്ടായിരുന്നു.