വെള്ളരിക്കുണ്ട്: ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ രാജുകട്ടക്കയത്തിന്‍റെ മാലോത്തെ വീട്ടിലും ബളാലിലെ പഞ്ചായത്ത് ഓഫീസിലും വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നില്‍ ഇടതുകക്ഷികളാണെന്ന് രാജുകട്ടക്കയം ആരോപിച്ചു.
എന്നാല്‍ എല്ലാ കുറ്റങ്ങളും ഇടതിന്‍റെ തലയില്‍ വെക്കുന്നത് ശരിയല്ലെന്നാണ് വെള്ളരിക്കുണ്ടിലെയും മാലോത്തെയും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. തൃക്കരിപ്പൂര്‍ സീറ്റിന് യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കമുള്ള പലരും കണ്ണുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ സീറ്റ് രാജുകട്ടക്കയത്തിന് ലഭിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. പക്ഷേ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനാണ് ലഭിച്ചത്. ഇത്തവണ അത് കോണ്‍ഗ്രസിന് ലഭിക്കണമെന്ന് വളരെ ശക്തമായ ആവശ്യം ഉയരുന്നുണ്ട്. തൃക്കരിപ്പൂര്‍ സീറ്റിലേക്ക് കോണ്‍ഗ്രസില്‍ നിന്നും പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാമതാണ് കട്ടക്കയത്തിന്‍റെ സ്ഥാനം. ഇത് രണ്ടാംസ്ഥാനത്തും മൂന്നാംസ്ഥാനത്തും നില്‍ക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ട്. കൂടാതെ എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തി കട്ടക്കയത്തിന്‍റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സിനെ രംഗത്തിറക്കിയതാണെന്നും കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംശയിക്കുന്നുണ്ട്. പലപ്പോഴും സിപിഎം നേതാക്കളുടെ തിണ്ണനിരങ്ങുന്ന ഒരുകോണ്‍ഗ്രസ് ഭാരവാഹിക്ക് ഇതില്‍ കയ്യുണ്ടെന്നും പലരും സംശയിക്കുന്നു. എന്തായാലും വൈകാതെ വസ്തുതകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കട്ടക്കയവുമായി അടുപ്പമുള്ള കോണ്‍ഗ്രസുകാര്‍. തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസുകാര്‍ മോഹിക്കുന്നുണ്ടെങ്കിലും അത് കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വാങ്ങിയെടുക്കുക എളുപ്പമല്ല. അങ്ങനെ വാങ്ങിയെടുത്താല്‍ മുന്നണി ബന്ധങ്ങളെ അത് പ്രതികൂലമായി ബാധിക്കും. പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി.ജോസഫാണ് കഴിഞ്ഞതവണ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റുവെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ ഇടക്കിടെ എം.പി.ജോസഫ് തൃക്കരിപ്പൂരിലും കാസര്‍കോട് ജില്ലയിലും വന്നുപോകുന്നുണ്ട്. ഉയര്‍ന്ന റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് എം.പി.ജോസഫ്. അതുകൊണ്ടുതന്നെ സീറ്റ് മോഹിച്ച് ആരും കുതികാല്‍വെട്ടും പാരപണിയും നടത്തേണ്ടതില്ലായെന്നാണ് രാഷ്ട്രീയം അറിയുന്നവരുടെ ഇടയിലെ അഭിപ്രായം.