നീലേശ്വരം തെരു- തളിയിലമ്പലം റോഡ് വികസനം: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

നീലേശ്വരം: 2022 ലെ സംസ്ഥാന ബഡ്ജറ്റില്‍ 5 കോടി രൂപ അനുവദിച്ച നീലേശ്വരം തെരു-ബസാര്‍- തളിയിലമ്പലം റോഡ് നവീകരണത്തിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.

നീലേശ്വരം ബസാര്‍ - തളിയിലമ്പലം റോഡ്, ശ്രീവത്സം- തെരുറോഡ്, വില്ലേജ് ഓഫീസ്- തളിയിലമ്പലം റോഡ്, ശ്രീവത്സം -രാജാറോഡ് ലിങ്ക് റോഡ്, ചിറ-കരിഞ്ചാത്തംവയല്‍ റോഡ് എന്നീ അഞ്ച് മുനിസിപ്പല്‍ റോഡുകളെ ബന്ധിപ്പിച്ച് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ 3.8 മീറ്റര്‍ മുതല്‍ 7 മീറ്റര്‍ വരെ വീതിയില്‍ ബി.എം & ബി.സി സംവിധാനത്തില്‍ മെക്കാഡം ചെയ്ത് ആധുനികവല്‍ക്കരിക്കുന്നതാണ് പദ്ധതി. ശ്രീവത്സം - തെരു റോഡില്‍ ഇരുവശങ്ങളിലും മറ്റു റോഡുകളില്‍ ഒരു വശത്ത് ഡ്രൈനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കള്‍വര്‍ട്ട്, ഇന്‍റര്‍ലോക്ക് നടപ്പാത, ഹാന്‍റ്റെയില്‍ എന്നിവയോടൊപ്പം സുരക്ഷ സംവിധാനങ്ങളായ സെന്‍റര്‍ ലൈന്‍, സ്റ്റെഡ്, സൂചന ബോര്‍ഡുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ മുന്‍കൈയെടുത്ത് കൊണ്ടു വന്ന പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത് ജില്ലയിലെ പ്രമുഖ കരാറുകാരനായ മുകേഷ് വര്‍ക്കിയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.