ബ്ലേഡ് മാഫിയയുടെ ഭീഷണിക്ക് പിന്നാലെ യുവതിയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

നീലേശ്വരം: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിപരിക്കേല്‍പ്പിച്ചു.

മടിക്കൈ എരിക്കുളം വടക്കേപ്പുറത്തെ പി.സുനിതയെയാണ് (37) ഭര്‍ത്താവ് പടന്നക്കാട് മൂവാരിക്കുണ്ട് പട്ടാക്കാലിലെ ശ്രീജിത്ത് വെട്ടിപരിക്കേല്‍പ്പിച്ചത്. പുറത്തും ഷോള്‍ഡറിനും കുത്തേറ്റ പരിക്കുകളോടെ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആറരയോടെയാണ് എരിക്കുളം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറി സുനിതയെ ശ്രീജിത്ത് വെട്ടിപരിക്കേല്‍പ്പിച്ചത്. പുറത്തും ഷോള്‍ഡറിനും വെട്ടിപരിക്കേല്‍പ്പിച്ചശേഷം കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ സുനിത തടയുകയായിരുന്നു. നിലവിളികേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ നീലേശ്വരം പോലീസ് ശ്രീജിത്തിനെതിരെ കേസെടുത്തു. ഇതിന് മുമ്പും പലവട്ടം ശ്രീജിത്ത് സുനിതയെ അക്രമിച്ചിരുന്നുവത്രെ. ഇതുസംബന്ധിച്ച് മൂന്ന് തവണകളിലേറെ നീലേശ്വരം പോലീസിലും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും പരാതിനല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സുനിത പറഞ്ഞു. കഴിഞ്ഞ കുറേമാസങ്ങളായി ഭര്‍ത്താവുമായി അകന്ന സുനിത സ്വന്തം വീട്ടിലാണ് താമസം. ഇതിനുശേഷം പലവട്ടം ഇയാള്‍ വീട്ടിലെത്തി സുനിതയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നുവത്രെ.

മുമ്പ് സുനിതയുടെ അമ്മയുടെ പേരിലുള്ള സ്വത്തിന്‍റെ ആധാരവും ചെക്ക് ബുക്കും മററും മോഷ്ടിച്ച് ശ്രീജിത്ത് മാവുങ്കാലിലെ ഒരു ബ്ലേഡുകാരനോട് അരലക്ഷം രൂപ കടം വാങ്ങിയിരുന്നുവത്രെ. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ബ്ലേഡ് മാഫിയ സുനിതയേയും അമ്മയേയും ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനിടയില്‍ ബ്ലേഡ് മാഫിയയുടെ ഗുണ്ടകളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് ആധാരവും മറ്റും മോഷ്ടിച്ചത് ഇവര്‍ അറിഞ്ഞത്. ഇതിനെതിരെ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലത്രെ. ബ്ലേഡുകാരനെയും സുനിതയുടെ ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും സുനിത പറയുന്നു.

ഇതിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി തിരിച്ചുവരുന്നതിനിടയില്‍ വഴിയില്‍ വെച്ച് ശ്രീജിത്ത് 5000 രൂപയും മൊബൈല്‍ഫോണും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുകപോലും ചെയ്തില്ലെന്നും സുനിത പറയുന്നു.